Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Tuesday 21 March 2017

Data cable

👆👆👆ചിത്രത്തിൽ കാണുന്നത് വളരെ സുപരിചിതമായ ഒരു സാധനമാണ്- ഡേറ്റാ കേബിൾ. നിങ്ങളിത് വായിക്കുന്നത് ഒരു കമ്പ്യൂട്ടറിലാണ്. അങ്ങനെയൊരാൾക്ക് ഡേറ്റാ കേബിൾ എന്തിനുള്ളതാണെന്ന് പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടാവില്ല. ചോദ്യം വേറൊന്നാണ്. ചിത്രത്തിൽ ചുവന്ന വട്ടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു വീർത്ത സാധനം ആ കേബിളിൽ കാണാം. എന്താണത്? വെറുതേ ഭംഗിയ്ക്ക് വെച്ചേക്കുന്നതാണോ? ഡേറ്റാ കേബിളിൽ മാത്രമല്ല, കമ്പ്യൂട്ടറിന്റെ പവർ കേബിളിലുൾപ്പടെ പലയിടത്തും ഇതുപോലൊരു സാധനം കണ്ടിട്ടുണ്ടാകും.

അതിന്റെ പേര് ഫെറൈറ്റ് ബീഡ് (ferrite bead) എന്നാണ്. കേബിളിനെ അല്ലെങ്കിൽ അത് ഘടിപ്പിക്കുന്ന ഉപകരണത്തെ ഒരു ആന്റിനയാകാതെ തടഞ്ഞ് നിർത്തുകയാണ് അതിന്റെ പണി!

ആന്റിന എന്താണെന്നറിയാമല്ലോ. വൈദ്യുതകാന്തിക തരംഗങ്ങളെ, പ്രത്യേകിച്ച് റേഡിയോ തരംഗങ്ങളെ സ്വീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ ഉള്ള ഉപകരണം. വീട്ടിലെ ആന്റിന സ്വീകരിക്കാനും (receiving antenna) റേഡിയോ നിലയത്തിലെ ആന്റിന അതിനെ പ്രക്ഷേപണം ചെയ്യാനും (transmitting antenna) ഉപയോഗിക്കുന്നു. എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫീൽഡ് ഒരു മാഗ്നറ്റിക് ഫീൽഡിനും, മാറിക്കൊണ്ടിരിക്കുന്ന മാഗ്നറ്റിക് ഫീൽഡ് ഒരു ഇലക്ട്രിക് ഫീൽഡിനും രൂപം കൊടുക്കും. അങ്ങനെയെങ്കിൽ ഒരു വയറിലൂടെ കറന്റ് പ്രവഹിച്ചാൽ, അതിൽ ക്രമമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ, ആരും പറയാതെ തന്നെ അവിടെ പരസ്പരധാരണയോടെ മാറിക്കൊണ്ടിരിക്കുന്ന ഒരു വൈദ്യുതകാന്തികക്ഷേത്രം ഉണ്ടാകുകയും, അതൊരു തരംഗമായി -റേഡിയേഷൻ ആയി- പുറത്തേയ്ക്ക് പ്രവഹിക്കുകയും ചെയ്യും. മറിച്ച് ഇത്തരമൊരു റേഡിയേഷൻ ഒരു വൈദ്യുതക്കമ്പിയെ തൊട്ടുരുമ്മി കടന്നുപോയാൽ അതിനനുസൃതമായ ഒരു കറന്റ് അതിലുണ്ടാക്കുകയും ചെയ്യും. പ്രക്ഷേപണം ചെയ്യുന്ന ആന്റിനയും സ്വീകരിക്കുന്ന ആന്റിനയും യഥാക്രമം ഈ രണ്ട് പ്രതിഭാസങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

നമ്മുടെ വീട്ടിൽ കിട്ടുന്ന കറന്റിന് വിളിക്കുന്ന പേര് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ, ഏ.സി. കറന്റ് എന്നാണ്. Alternating Current എന്നതിന്റെ ചുരുക്കരൂപമാണ് ഏ.സി. (ac current എന്ന് പറയുമ്പോൾ alternating current current എന്ന വശപ്പെശക് രൂപത്തിലാണ് നമ്മൾ പറയുന്നത് എങ്കിലും, അതൊരു അംഗീകൃത കീഴ‍്‍വഴക്കമാണ്) അതായത് നമുക്ക് കിട്ടുന്ന കറന്റ് തന്നെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് (alternating). പക്ഷേ 50 Hz എന്ന ചെറിയ ഫ്രീക്വൻസിയിലാണ് അത് വരുന്നത് എന്നതുകൊണ്ട് കാര്യമായ റേഡിയേഷൻ പ്രശ്നം അതുണ്ടാക്കില്ല. പക്ഷേ ഉപകരണങ്ങൾ കറന്റിനെ പല രീതിയിൽ മാറ്റിമറിച്ചാണ് ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ, റേഡിയോ തുടങ്ങിയ ഉപകരണങ്ങൾ അവയ്ക്കുള്ളിൽ ഫ്രീക്വൻസി കൂടിയ കറന്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് അവയെ 'മനപ്പൂർവ'മല്ലാതെ റേഡിയേഷൻ പുറത്തുവിടാൻ പ്രേരിപ്പിക്കുന്നു. unintentional radiator എന്നാണ് ഇവയെ സാങ്കേതികമായി വിളിക്കുക. ഇങ്ങനെ പുറത്ത് പോകുന്ന റേഡിയേഷൻ മറ്റ് ഉപകരണങ്ങളുടെ ഘടകഭാഗങ്ങളെ ഒരു receiving antenna-യെപ്പോലെ കണക്കാക്കി അവിടെച്ചെന്ന് അനാവശ്യമായ കറന്റ് ഉണ്ടാക്കും. Electromagnetic interference (EMI) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഒരു ശല്യമാണ്. പഴയ ടീവി സെറ്റുകളിൽ കാണപ്പെട്ടിരുന്ന 'കുരുകുരുപ്പ്' (grains) ഇത്തരം EMI-യുടെ ഫലമാണ്. ടീവിയ്ക്ക് അടുത്തുവച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്യുക, മോട്ടോർ പ്രവർത്തിപ്പിക്കുക തുടങ്ങിയവയൊക്കെ ഉണ്ടായാൽ സ്ക്രീനിൽ കുരുകുരുപ്പ് പ്രത്യക്ഷപ്പെടുമായിരുന്നു. ഇന്നത്തെ ടീവികൾ ഇതൊക്കെ പരിഹരിക്കുന്നതിനുള്ള സാങ്കേതികവിദ്യകളോടെയാണ് പ്രവർത്തിക്കുന്നത്. പക്ഷേ വളരെ ചെറിയ കറന്റുകൾ കൈകാര്യം ചെയ്യുന്ന വൈദ്യുതോപകരണങ്ങളിൽ ഇപ്പോഴും EMI പ്രശ്നമുണ്ടാക്കും. ഡേറ്റാ കേബിളുകൾ, വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്ന സെൻസിറ്റിവായ ഉപകരണങ്ങൾ ഇവയൊക്കെ EMI-യിൽ നിന്നും സംരക്ഷിക്കേണ്ടത് ആവശ്യമാണ്.

ആ പണിയാണ് ഫെറൈറ്റ് ബീഡുകൾ ചെയ്യുന്നത്. കാന്തികസ്വഭാവമുള്ള ഫെറൈറ്റ് എന്നൊരു വസ്തു കൊണ്ടാണ് ഇതുണ്ടാക്കുന്നത്. അവ പ്രക്ഷേപണം ചെയ്യപ്പെടാനോ സ്വീകരിക്കപ്പെടാനോ സാധ്യതയുള്ള ഫ്രീക്വൻസി കൂടിയ ഏ.സി. കറന്റിനെ തടയുകയും ഫ്രീക്വൻസി കുറഞ്ഞവയെ മാത്രം കടത്തിവിടുകയും ചെയ്യും. സാങ്കേതിക ഭാഷയിൽ ഇതിനെ low-pass filtering എന്നുവിളിക്കുന്നു. ആ പ്രവർത്തനം ഇത്തിരി കൂടുതൽ ടെക്നിക്കലായതിനാൽ തത്കാലം അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല.  എന്തായാലും അടുത്ത തവണ ഇത് കാണുമ്പോൾ സംഗതി വെറും ലുക്കിന് വെച്ചേക്കുന്നതല്ല എന്നോർക്കുമല്ലോ.

No comments:

Post a Comment