Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Wednesday 16 May 2018

കുറ്റവും ശിക്ഷയും : സൈബർ ക്രൈം

മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരുപ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്ന് കരുതേണ്ട. കുറ്റവാളിയുടെ ആയുധംതന്നെ സൈബർ ഉപകരണങ്ങളാവുന്ന പുതിയ കാലത്തു പൊലീസിന് ഏറ്റവുംവിശ്വസിക്കാവുന്ന തെളിവുകളായി മൊബൈൽ ഫോൺ രേഖകൾ മാറി.

സൈബർ ഫൊറൻസിക് എന്ന വഴികാട്ടി ഇതേക്കുറിച്ചു വിദഗ്ധർ പറയുന്നത്: ‘‘നിങ്ങളുടെ തലയിലെഴുത്തു മനസ്സുവച്ചാൽ മാറ്റാം, പക്ഷേ, സൈബർ അടയാളങ്ങൾ മായ്ക്കാമെന്നു കരുതരുത്.’’

ഇന്റർനെറ്റ് ഉപയോഗിച്ചു സ്വന്തം സ്വകാര്യതയിൽ സ്വന്തം മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരു പ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്നു കരുതേണ്ട; അത് എസ്എംഎസായാലും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റായാലും ഭീകരപ്രവർത്തകർ ഉപയോഗിക്കുന്നതെന്ന പേരുദോഷം കേട്ട ‘ടെലിഗ്രാം മെസഞ്ചർ’ ആയാലും. സൈബർ ലോകത്ത് എന്തെങ്കിലും രേഖപ്പെട്ടാൽ അതു മായാതെ കിടക്കും എന്നു ചുരുക്കം.

എസ്എംഎസ്, സോഷ്യൽ മീഡിയ പോസ്റ്റ്, ടെലിഫോൺ വിളികൾ, മൊബൈൽ ഫോണുകൾ, ടാബുകൾ, പഴ്സനൽ കംപ്യൂട്ടറുകൾ എല്ലാം എണ്ണിപ്പെറുക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകൾ സൈബർ ഫൊറൻസിക് വിദഗ്ധരുടെ പക്കലുണ്ട്. സ്വകാര്യതയെന്ന വാക്കിന് അർഥമില്ലാത്ത ഇടമാണു സൈബർ ലോകം.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.... അപകടം ഏറെയാണ്....

*കുറ്റവും ശിക്ഷയും ഏതൊക്കെയെന്ന് അറിയുക...*

1. സൈബർ മാധ്യമങ്ങൾ ഉപയോഗിച്ചു രാജ്യത്തിനെതിരെ പോരാടുക, ദേശവിരുദ്ധ പ്രചാരണം നടത്തുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക തുടങ്ങിയ കുറ്റങ്ങൾക്കു ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന വിവിധ ശിക്ഷകൾക്കു പുറമേ, ഐടി നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷയ്ക്കു വകുപ്പുണ്ട്.

2. ഒരു വ്യക്തിയെയൊ സ്ഥാപനത്തേയൊ വഞ്ചിക്കാൻ സൈബർ വിവരങ്ങൾ, ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്താൽ തടവു ശിക്ഷ മൂന്നു വർഷം വരെ ലഭിക്കും. കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താം.

3. ഒരാളുടെ വിലപ്പെട്ട വിവരങ്ങൾ, രേഖകൾ എന്നിവ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അയാളുടെ കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ് എന്നിവ നശിപ്പിച്ചാൽ കോടതിക്ക് ഒരുകോടി രൂപവരെ പിഴ ചുമത്താൻ പുതുക്കിയ ഐടി നിയമത്തിൽ വകുപ്പുണ്ട്.

4. അധികാരികളെ അറിയിക്കാതെ ഔദ്യോഗിക രേഖകൾ സൈബർ മാർഗത്തിലൂടെ ചോർത്തുന്നതിനുള്ള ശിക്ഷ മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയുമാണ്.

5. മോഷ്ടിച്ചെടുത്ത മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നവർക്കും മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാം (ഇത്തരം ഉപകരണങ്ങൾ അറിയാതെ ഉപയോഗിക്കുന്നവരും കേസിൽ കുടുങ്ങുമെന്ന ബലഹീനത ഈ നിയമത്തിനുണ്ട്).

6. ഇ–മെയിൽ, സോഷ്യൽ മീഡിയ, ഡോക്കുമെന്റ് എന്നിവയുടെ പാസ്‌വേ‍‍ഡുകൾ ചോർത്തി ദുരുപയോഗിക്കുന്നവർക്കുള്ള ശിക്ഷ മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ്.

7. മറ്റൊരാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി അതു പ്രചരിപ്പിക്കുന്നവർക്കു മൂന്നു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ചുമത്താം.

8. പരിധിവിട്ട അശ്ലീലം വാക്കുകളായോ ചിത്രങ്ങളായോ പ്രചരിപ്പിച്ചാലും കടുത്ത ശിക്ഷ ലഭിക്കും. അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും. ഇതേ കുറ്റത്തിന് ഇരയാവുന്നതു കുട്ടികളാണെങ്കിൽ തടവുശിക്ഷ ഏഴു വർഷം വരെ വർധിക്കും.

9. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആൾമാറാട്ടം നടത്തിയാലും മൂന്നു വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

10. ഒരാളുടെ സമ്മതമില്ലാതെ അയാളുടെ ചിത്രം, ഫോൺ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ മറ്റൊരാൾക്കു സൈബർ മാധ്യമങ്ങളിലൂടെ കൈമാറുന്നതു പോലും പുതിയ വിവരസാങ്കേതിക നിയമത്തിന്റെ പരിധിയിൽ കുറ്റകൃത്യമാണ്.

*സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... സൂക്ഷിച്ച് പോസ്റ്റ് ചെയ്യുക*