Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Thursday 23 March 2017

സ്വതന്ത്രചിത്രങ്ങളും വിക്കികോമണ്‍സും

സ്വതന്ത്രചിത്രങ്ങളും വിക്കികോമണ്‍സും

നവനീത്

------

ഒരു പ്രസന്റേഷന്‍ ഉണ്ടാക്കാന്‍, ഒരു ലേഖനത്തിന് പിന്‍ബലമേകാന്‍, ഒരു പോസ്റ്റര്‍ തയ്യാറാക്കാന്‍ ഒക്കെ ഇന്റര്‍നെറ്റില്‍നിന്നും നാം ചിത്രങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചിത്രങ്ങള്‍ തിരഞ്ഞെു കണ്ടുപിടിച്ച് തോന്നിയപോലെ ഉപയോഗിക്കാന്‍ നമുക്ക് അവകാശമുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ഓരോ ചിത്രത്തിന്റെ കോപ്പിറൈറ്റ് എന്തെന്നുനോക്കി അതിനനുസരിച്ചുമാത്രമേ നമുക്ക് ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ. നിയമപരമായി ഇങ്ങനെയാണ് അവസ്ഥയെങ്കിലും നാം അതൊരിക്കലും പരിഗണിക്കാറേയില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ചിത്രങ്ങളെടുക്കുന്നത് ഇങ്ങനെയൊക്കെത്തന്നെ.  ഇന്റര്‍നെറ്റില്‍ കിട്ടുന്ന ചിത്രങ്ങള്‍ എല്ലാം എങ്ങനെയും ഉപയോഗിക്കാം എന്നൊരു ധാരണ അതിലൂടെ നമുക്കു ലഭിച്ചിട്ടുണ്ട്. പക്ഷേ അത് നിയമവിരുദ്ധമാണ്.
സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ലേ?
തീര്‍ച്ചയായും. നിയമപ്രശ്നങ്ങളില്ലാതെ എന്താവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന കോടിക്കണക്കിനു ചിത്രങ്ങള്‍ നെറ്റില്‍ ലഭ്യമാണ്. സ്വതന്ത്രമായ ഉപയോഗത്തിന് അനുയോജ്യമായ വിവിധ ലൈസന്‍സുകളോടെയാണ് ഇത്തരം ചിത്രങ്ങള്‍ ലഭ്യമാവുക. 
വിവിധ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സുകളാണ് ചിത്രങ്ങള്‍ക്കുണ്ടാവുക. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സുകളില്‍ പൊതുവായി പറയുന്ന ഒരേയൊരു കാര്യം കടപ്പാട് നല്‍കണം എന്നതു മാത്രമാണ്. Creative Commons CC0  എന്നു കാണുന്നതും പൊതുസഞ്ചയത്തിലുമുള്ള ചിത്രങ്ങള്‍ കടപ്പാട് നല്‍കാതെയും ഉപയോഗിക്കാം. 

നെറ്റില്‍നിന്ന് സ്വതന്ത്രചിത്രങ്ങള്‍ എങ്ങനെ കണ്ടെത്താം?
തിരച്ചില്‍രീതികളില്‍ അല്പം മാറ്റം വരുത്തിയാല്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഗൂഗിളിലാണ് ഏറ്റവുംകൂടുതല്‍പേരും തിരയുന്നത് എന്നതിനാല്‍ അതില്‍ എങ്ങനെയാണ് ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തുന്നത് എന്ന കാര്യം വിവരിക്കാം. ഗൂഗിളില്‍ എന്തെങ്കിലും വിവരം തിരയുമ്പോള്‍ images എന്നൊരു ഓപ്ഷന്‍ കൂടി കാണാം. അതില്‍ ക്ലിക്കിയാല്‍ തിരച്ചില്‍വാക്കിന് അനുസൃതമായ ചിത്രങ്ങള്‍ കാണാം. പക്ഷേ അവയെല്ലാം സ്വതന്ത്രമല്ല. ഇമേജ് സെര്‍ച്ചിന്റെ അടുത്തായി Tools എന്നൊരു ഓപ്ഷന്‍ കാണും. അതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ത്തന്നെ Usage rights എന്നൊരു ഓപ്ഷന്‍ കാണും. അതില്‍നിന്നും Labeled for reuse with modification എന്നൊരു ലിങ്ക് കാണും. അതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന ചിത്രങ്ങളെല്ലാം സ്വതന്ത്രമായി ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടവ ആയിരിക്കും.
https://pixabay.com/ എന്ന സൈറ്റ് മറ്റൊരു സാധ്യതയാണ്. വളരെ മികച്ച ചിത്രങ്ങള്‍ പൊതുസഞ്ചയത്തില്‍ത്തന്നെ അവിടെ ലഭ്യമാണ്. കടപ്പാട് നല്‍കാതെപോലും അവ ഉപയോഗിക്കാം.

വിക്കി കോമണ്‍സ് എന്ന സ്വതന്ത്രമീഡിയാക്കൂട്ടം!

ഫേസ്‍ബുക്കില്‍ എല്ലാവരും സ്വന്തമായി എടുത്തതും അല്ലാത്തതുമായി നിരവധി ചിത്രങ്ങള്‍ ഇടുന്നുണ്ട്. സ്വന്തം മൊബൈലില്‍ എടുത്തതാവും ബഹുഭൂരിപക്ഷം ചിത്രങ്ങളും. രണ്ടോ മൂന്നോ ദിവസത്തിനകം ഈ ചിത്രങ്ങള്‍ വിസ്മൃതിയില്‍ മറയും. എത്ര നല്ല ചിത്രങ്ങളാണെങ്കിലും അതിന്റെ വിധിയില്‍ മാറ്റമൊന്നുമില്ല. മികച്ച ചിത്രങ്ങള്‍ എടുക്കുകയും അവ ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചുപോവുകയും ചെയ്താലോ..  (മിക്കപ്പോഴും അങ്ങനെയല്ലേ സംഭവിക്കുക?) ഇവിടെയാണ് വിക്കിസംരംഭങ്ങള്‍ നിങ്ങളെ സഹായിക്കുന്നത്.
വിക്കിപീഡിയയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. അവിടെ ലേഖനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ മുഴുവന്‍ വിക്കിമീഡിയ കോമണ്‍സില്‍ നിന്നുള്ളതാണ്. (https://commons.wikimedia.org) തികച്ചും സ്വതന്ത്രമായ ചിത്രങ്ങളാണ് ഇവിടെയുള്ളത് എന്നതാണ് കോമണ്‍സിന്റെ പ്രത്യേകത.
ആര്‍ക്കും സ്വയമെടുത്ത ചിത്രങ്ങള്‍ പല തരത്തിലുള്ള സ്വതന്ത്രലൈസന്‍സോടെ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാനാകും.
ഇന്റര്‍നെറ്റില്‍നിന്നും കിട്ടുന്ന ചിത്രങ്ങള്‍ ആര്‍ക്കും തോന്നിയപോലെ എടുത്ത് ഉപയോഗിക്കാന്‍ അവകാശമില്ല എന്നു നേരത്തേ പറഞ്ഞല്ലോ. എന്നാല്‍ വിക്കി കോമണ്‍സിലെ ചിത്രങ്ങളാണെങ്കില്‍ ആര്‍ക്കും കടപ്പാടോടെ ഉപയോഗിക്കാം. നമ്മളെടുക്കുന്ന ചിത്രങ്ങളിലൂടെ ലോകം എന്നെന്നും നമ്മെ ഓര്‍ക്കാന്‍ വിക്കിമീഡിയോ കോമണ്‍സില്‍ക്കൂടി ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സഹായിക്കും.
പണമൊന്നും പ്രതീക്ഷിക്കരുത് എന്നുകൂടി പറയട്ടെ. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സോടെ അപ്ലോഡ് ചെയ്താല്‍ നിങ്ങള്‍ക്ക് ആ ചിത്രത്തിന്റെ ക്രഡിറ്റ് ലഭിക്കും. മറ്റാര്‍ക്കും എന്താവശ്യത്തിനും ആ ചിത്രം ഉപയോഗിക്കാമെങ്കിലും ചിത്രത്തിന്റെ കടപ്പാട് ഫോട്ടോഗ്രാഫര്‍ക്ക് നല്‍കിയേ തീരൂ.

വൈജ്ഞാനികമൂല്യമുള്ള ഏതു ചിത്രവും ചലച്ചിത്രവും ഓഡിയോക്ലിപ്പും വിക്കികോമണ്‍സിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതാണ്. അതിനായി വിക്കികോമണ്‍സില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.  https://commons.wikimedia.org ല്‍ ചെന്നാല്‍ വളരെ ലളിതമായി ഒരു അക്കൗണ്ട് ഉണ്ടാക്കാനാകും. ഏതു വിക്കിസംരംഭങ്ങളിലേക്കും ഇതേ അക്കൗണ്ട് ഉപയോഗിക്കാനുമാവും. അതിനുശേഷം അപ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. വൈജ്ഞാനികമൂല്യം നിലനിര്‍ത്തുന്ന ഒരു പേര് ചിത്രങ്ങള്‍ക്കു നല്‍കാന്‍ ശ്രദ്ധിച്ചാല്‍ ഏറെ നന്നായിരിക്കും.
ഏതുതരം ഫോട്ടോകളും അപ്‍ലോഡ് ചെയ്യാം. ഭക്ഷണപദാര്‍ത്ഥങ്ങള്‍, ചെടികള്‍, മൃഗങ്ങള്‍, പ്രാണികള്‍, സ്ഥലങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി വൈജ്ഞാനികമൂല്യമുണ്ട് എന്നു നിങ്ങള്‍ക്കുതോന്നുന്ന ഏതൊരു ചിത്രവും ഇങ്ങനെ അപ്‍ലോഡാവുന്നതാണ്.

കേരളത്തില്‍ നിരവധി പ്രസാധകരും മാധ്യമങ്ങളും ഉണ്ട്. ഇന്റര്‍നെറ്റില്‍നിന്നുള്ള ചിത്രങ്ങള്‍ ഇവരെല്ലാവരും ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അവശ്യമായ കടപ്പാട് നല്‍കുന്ന കാര്യത്തില്‍ ബഹുഭൂരിപക്ഷവും അറിയാതെയോ അറിഞ്ഞോ വിമുഖത കാണിക്കുന്നുണ്ട്. കടപ്പാട് നല്‍കുക എന്നത് ഒരു സംസ്കാരമാണ്. നല്ല മനുഷ്യരുടെ ലക്ഷണമാണത്.  വിക്കികോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം കൂട്ടിച്ചേര്‍ത്ത ഏതു മീഡിയ ഉപയോഗിക്കുമ്പോഴും അത് സൃഷ്ടിച്ചയാള്‍ക്ക് കടപ്പാട് നല്‍കേണ്ടതുണ്ട്. അത് അവരുടെ അവകാശമാണ്.  ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം അപ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫോട്ടോ കടപ്പാട് നല്‍കാതെ ഏതെങ്കിലും പ്രസാധകരോ മാധ്യമങ്ങളോ ഉപയോഗിച്ചാല്‍ അതെടുത്തയാള്‍ക്ക് നിയമപരമായി അതിനെ നേരിടാന്‍പോലും കഴിയും.  ഒരാള്‍ ഫോട്ടോ എടുത്തതുകൊണ്ട് അത് നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. അത് വിക്കികോമണ്‍സ് പോലുള്ള ഒരു സൈറ്റില്‍ അപ്‍ലോഡ് ചെയ്തതിനാല്‍ മാത്രമാണ് അത് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്. അതിനാല്‍ അവരെ ഒന്നു പരിഗണിക്കുന്നതാണ് മാന്യത. ഒരു കുഞ്ഞുകടപ്പാട്. അതങ്ങ് കൊടുത്തേക്കൂ. അതൊരു സംസ്കാരമാണ്. അങ്ങനെ സാംസ്കാരികമായി ലോകനിലവാരത്തിലേക്ക് ഉയരൂ..

(Creative Commons Attribution-Share Alike 4.0 International ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നത്.)

Tuesday 21 March 2017

Data cable

👆👆👆ചിത്രത്തിൽ കാണുന്നത് വളരെ സുപരിചിതമായ ഒരു സാധനമാണ്- ഡേറ്റാ കേബിൾ. നിങ്ങളിത് വായിക്കുന്നത് ഒരു കമ്പ്യൂട്ടറിലാണ്. അങ്ങനെയൊരാൾക്ക് ഡേറ്റാ കേബിൾ എന്തിനുള്ളതാണെന്ന് പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടാവില്ല. ചോദ്യം വേറൊന്നാണ്. ചിത്രത്തിൽ ചുവന്ന വട്ടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു വീർത്ത സാധനം ആ കേബിളിൽ കാണാം. എന്താണത്? വെറുതേ ഭംഗിയ്ക്ക് വെച്ചേക്കുന്നതാണോ? ഡേറ്റാ കേബിളിൽ മാത്രമല്ല, കമ്പ്യൂട്ടറിന്റെ പവർ കേബിളിലുൾപ്പടെ പലയിടത്തും ഇതുപോലൊരു സാധനം കണ്ടിട്ടുണ്ടാകും.

അതിന്റെ പേര് ഫെറൈറ്റ് ബീഡ് (ferrite bead) എന്നാണ്. കേബിളിനെ അല്ലെങ്കിൽ അത് ഘടിപ്പിക്കുന്ന ഉപകരണത്തെ ഒരു ആന്റിനയാകാതെ തടഞ്ഞ് നിർത്തുകയാണ് അതിന്റെ പണി!

ആന്റിന എന്താണെന്നറിയാമല്ലോ. വൈദ്യുതകാന്തിക തരംഗങ്ങളെ, പ്രത്യേകിച്ച് റേഡിയോ തരംഗങ്ങളെ സ്വീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ ഉള്ള ഉപകരണം. വീട്ടിലെ ആന്റിന സ്വീകരിക്കാനും (receiving antenna) റേഡിയോ നിലയത്തിലെ ആന്റിന അതിനെ പ്രക്ഷേപണം ചെയ്യാനും (transmitting antenna) ഉപയോഗിക്കുന്നു. എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫീൽഡ് ഒരു മാഗ്നറ്റിക് ഫീൽഡിനും, മാറിക്കൊണ്ടിരിക്കുന്ന മാഗ്നറ്റിക് ഫീൽഡ് ഒരു ഇലക്ട്രിക് ഫീൽഡിനും രൂപം കൊടുക്കും. അങ്ങനെയെങ്കിൽ ഒരു വയറിലൂടെ കറന്റ് പ്രവഹിച്ചാൽ, അതിൽ ക്രമമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ, ആരും പറയാതെ തന്നെ അവിടെ പരസ്പരധാരണയോടെ മാറിക്കൊണ്ടിരിക്കുന്ന ഒരു വൈദ്യുതകാന്തികക്ഷേത്രം ഉണ്ടാകുകയും, അതൊരു തരംഗമായി -റേഡിയേഷൻ ആയി- പുറത്തേയ്ക്ക് പ്രവഹിക്കുകയും ചെയ്യും. മറിച്ച് ഇത്തരമൊരു റേഡിയേഷൻ ഒരു വൈദ്യുതക്കമ്പിയെ തൊട്ടുരുമ്മി കടന്നുപോയാൽ അതിനനുസൃതമായ ഒരു കറന്റ് അതിലുണ്ടാക്കുകയും ചെയ്യും. പ്രക്ഷേപണം ചെയ്യുന്ന ആന്റിനയും സ്വീകരിക്കുന്ന ആന്റിനയും യഥാക്രമം ഈ രണ്ട് പ്രതിഭാസങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

നമ്മുടെ വീട്ടിൽ കിട്ടുന്ന കറന്റിന് വിളിക്കുന്ന പേര് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ, ഏ.സി. കറന്റ് എന്നാണ്. Alternating Current എന്നതിന്റെ ചുരുക്കരൂപമാണ് ഏ.സി. (ac current എന്ന് പറയുമ്പോൾ alternating current current എന്ന വശപ്പെശക് രൂപത്തിലാണ് നമ്മൾ പറയുന്നത് എങ്കിലും, അതൊരു അംഗീകൃത കീഴ‍്‍വഴക്കമാണ്) അതായത് നമുക്ക് കിട്ടുന്ന കറന്റ് തന്നെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് (alternating). പക്ഷേ 50 Hz എന്ന ചെറിയ ഫ്രീക്വൻസിയിലാണ് അത് വരുന്നത് എന്നതുകൊണ്ട് കാര്യമായ റേഡിയേഷൻ പ്രശ്നം അതുണ്ടാക്കില്ല. പക്ഷേ ഉപകരണങ്ങൾ കറന്റിനെ പല രീതിയിൽ മാറ്റിമറിച്ചാണ് ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ, റേഡിയോ തുടങ്ങിയ ഉപകരണങ്ങൾ അവയ്ക്കുള്ളിൽ ഫ്രീക്വൻസി കൂടിയ കറന്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് അവയെ 'മനപ്പൂർവ'മല്ലാതെ റേഡിയേഷൻ പുറത്തുവിടാൻ പ്രേരിപ്പിക്കുന്നു. unintentional radiator എന്നാണ് ഇവയെ സാങ്കേതികമായി വിളിക്കുക. ഇങ്ങനെ പുറത്ത് പോകുന്ന റേഡിയേഷൻ മറ്റ് ഉപകരണങ്ങളുടെ ഘടകഭാഗങ്ങളെ ഒരു receiving antenna-യെപ്പോലെ കണക്കാക്കി അവിടെച്ചെന്ന് അനാവശ്യമായ കറന്റ് ഉണ്ടാക്കും. Electromagnetic interference (EMI) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഒരു ശല്യമാണ്. പഴയ ടീവി സെറ്റുകളിൽ കാണപ്പെട്ടിരുന്ന 'കുരുകുരുപ്പ്' (grains) ഇത്തരം EMI-യുടെ ഫലമാണ്. ടീവിയ്ക്ക് അടുത്തുവച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്യുക, മോട്ടോർ പ്രവർത്തിപ്പിക്കുക തുടങ്ങിയവയൊക്കെ ഉണ്ടായാൽ സ്ക്രീനിൽ കുരുകുരുപ്പ് പ്രത്യക്ഷപ്പെടുമായിരുന്നു. ഇന്നത്തെ ടീവികൾ ഇതൊക്കെ പരിഹരിക്കുന്നതിനുള്ള സാങ്കേതികവിദ്യകളോടെയാണ് പ്രവർത്തിക്കുന്നത്. പക്ഷേ വളരെ ചെറിയ കറന്റുകൾ കൈകാര്യം ചെയ്യുന്ന വൈദ്യുതോപകരണങ്ങളിൽ ഇപ്പോഴും EMI പ്രശ്നമുണ്ടാക്കും. ഡേറ്റാ കേബിളുകൾ, വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്ന സെൻസിറ്റിവായ ഉപകരണങ്ങൾ ഇവയൊക്കെ EMI-യിൽ നിന്നും സംരക്ഷിക്കേണ്ടത് ആവശ്യമാണ്.

ആ പണിയാണ് ഫെറൈറ്റ് ബീഡുകൾ ചെയ്യുന്നത്. കാന്തികസ്വഭാവമുള്ള ഫെറൈറ്റ് എന്നൊരു വസ്തു കൊണ്ടാണ് ഇതുണ്ടാക്കുന്നത്. അവ പ്രക്ഷേപണം ചെയ്യപ്പെടാനോ സ്വീകരിക്കപ്പെടാനോ സാധ്യതയുള്ള ഫ്രീക്വൻസി കൂടിയ ഏ.സി. കറന്റിനെ തടയുകയും ഫ്രീക്വൻസി കുറഞ്ഞവയെ മാത്രം കടത്തിവിടുകയും ചെയ്യും. സാങ്കേതിക ഭാഷയിൽ ഇതിനെ low-pass filtering എന്നുവിളിക്കുന്നു. ആ പ്രവർത്തനം ഇത്തിരി കൂടുതൽ ടെക്നിക്കലായതിനാൽ തത്കാലം അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല.  എന്തായാലും അടുത്ത തവണ ഇത് കാണുമ്പോൾ സംഗതി വെറും ലുക്കിന് വെച്ചേക്കുന്നതല്ല എന്നോർക്കുമല്ലോ.

Thursday 16 March 2017

Protector

എല്ലാ കമ്പനികളിൽ പെട്ട പ്രൊജക്റ്ററുകളും  ധാരാളമായി ഉപയോഗിച്ച് പരിചയമുണ്ട്. Epson, Benq എന്നിവ  കൂടുതൽ നന്ന്. അതിലെ ചില മോഡലുകൾക്ക് ഓട്ടോമാറ്റിക് കീസ്റ്റോൺ അഡ്ജസ്റ്റ്മെൻ്റുള്ള നാൽ നാം പ്രൊജക്റ്റർ ചരിച്ചു വെച്ചാലും ഡിസ്പ്ളേ സ്വയം ചതുരത്തിലാവും. നല്ല വ്യക്തതയും എപ്സസണുണ്ട്. ബെൻഖ് ന് ചൂടാകൽ കുറവാണ് എന്ന മെച്ചമാണുള്ളത്.  എത്ര ലൂമെൻസ് ബ്രൈറ്റ്നസ് ഉണ്ട് എന്ന്
നോക്കണം. മിനിമം 2300 വേണം. 3600 ഉണ്ടെങ്കിൽ പകൽ വെളിച്ചത്തിലും കാണാം. DLP എന്നാൽ Digitalലൈറ്റ് പ്രൊജക്റ്റർ എന്നാണെങ്കിലും 3600 ലൂമെൻസ് ഉണ്ടെങ്കിലേ പകൽ കാര്യം നടക്കൂ. വലുപ്പം കൂടുതലുള്ളവ ചൂടാകൽ കുറയും. ബെൻഖിൻ്റെ ഗുണം ഇതാണ്. 20000 മുതൽ 200000 വരെയുള്ള പ്രൊജക്റ്ററുകളുണ്ട്. ഏതാണ്ട് 30000 - 35000 വരെ വിലയുള്ളവ ഗുണമേൻമയുണ്ടാവും. ഗൾഫ് ബസാറുകളിൽ 5000 രൂപയുടെ ഒരിനം കിട്ടുമെങ്കിലും ഒന്നിനും കൊള്ളില്ല.
VGA, HDMI പോർട്ടുകൾ രണ്ടും ഉള്ളവ വാങ്ങുക. പുതിയ ലാപ്പ്ടോപ്പുകളിൽ VGA ഔട്ട് ഇല്ല. പഴയവയിൽ HDMI ഔട്ടും ഇല്ല. VGA - HDMI കൺവർട്ടർ ഉപയോഗിച്ച് ഏതെങ്കിലും ഒരു പോർട്ടില്ലാത്ത പ്രശ്നം പരിഹരിക്കാനും സാധിക്കും.

Friday 3 March 2017

ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ

ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ   പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി  ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം. 

പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല.  ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.

ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്.  എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും  ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.

ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്.  ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.

http://keralaregistration.gov.in/pearlpublic/index.php