സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മറക്കരുത് '20-20-20'
അമിതവും അശാസ്ത്രീയവുമായ സ്മാർട്ട്ഫോൺ ഉപയോഗം കൂടുതലായി ബാധിക്കുന്നത് കണ്ണുകളെയാണ്. പല പഠനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ആരോഗ്യകരമായി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്.
തുടർച്ചയായി ദീർഘനേരം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടർച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. ഡിജിറ്റൽ മോണിറ്ററിൽ ദീർഘനേരം നോക്കിയിരിക്കുമ്പോൾ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയുന്നതായാണ് കാണാറുള്ളത്. അതിനാൽ 20 മിനിറ്റ് തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കന്റ് നേരം നോക്കിയിരിക്കണം. ഇതാണ് 20-20-20 നിയമം.
ഇങ്ങനെ 20-20-20 ഫോർമുല പാലിക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കും. ഇടയ്ക്ക് കണ്ണു ചിമ്മുകയാണ് മറ്റൊരു പരിഹാരം. സാധാരണ ഒരു വ്യക്തി ഒരു മിനിറ്റിൽ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മാറുണ്ട്. കണ്ണിന് ആയാസം നൽകി സ്മാർട്ട്ഫോണിൽ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് കണ്ണിന് വരൾച്ചയുണ്ടാക്കും.
ദീർഘനേരം സ്മാർട്ട്ഫോൺ ഉപയോഗിച്ച് കണ്ണിലെ ജലാംശം നഷ്ടപ്പെടുമ്പോഴാണ് വരൾച്ച പ്രശ്നം ഉണ്ടാവുന്നത്. എസി, ഫാൻ എന്നിവയുടെ ഉപയോഗവും കണ്ണിലെ ഈർപ്പം വറ്റുന്നതിന്റെ തോത് കൂട്ടും. ഇത് തുടരുന്നത് കാഴ്ചയെ തന്നെ ബാധിച്ചേക്കാം.
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിൽ വേണം മുൻകരുതൽ
സൂക്ഷിച്ചുപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്മാർട്ട്ഫോണാവും കണ്ണിന്റെ വില്ലൻ. അതുകൊണ്ട് സ്മാർട്ട് ഫോൺ കണ്ണിനോട് അടുപ്പിച്ച് പിടിച്ച് നോക്കുന്നതും കിടന്ന് വീഡിയോ കാണുന്നതും ഒഴിവാക്കണം. 20 മിനിറ്റ് കൂടുമ്പോഴെങ്കിലും ഇടവേളയെടുക്കണം. ഇടയ്ക്കിടെ കണ്ണ് ചിമ്മാൻ മറക്കരുത്. കണ്ണിന് നനവുള്ളതാക്കാൻ ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിന് ഡോക്ടറുടെ സഹായം തേടാം. അണുബാധയോ മറ്റോ കണ്ടെത്തിയാൽ എത്രയും പെട്ടന്ന് ചികിത്സ തേടണം.
No comments:
Post a Comment