ജോസേട്ടൻസ് ബിരിയാണി ഹട്ട് ..
"അപ്പൊ GST ഒക്കെ വന്നിട്ട് നിങ്ങള് വെല കൂട്ടിയില്ലേ, ജോസേട്ടാ" ?
"GST വന്നു എന്ന് കരുതി ഞാനെന്തിനാ വെലകൂട്ടുന്നെ"?
"ഈ നാട്ടിലെ ഹോട്ടലുകാരും കടക്കാരുമെല്ലാം GST, GST എന്ന് പറഞ്ഞു വെല കൂട്ടിയതോ"..?
"അതെനിക്കറിയില്ല. നമ്മടെ ഒരു ചെറിയ കടയല്ലേ, 75 ലക്ഷത്തിൽ താഴെ വാർഷിക ടേൺ ഓവറുള്ള നമ്മളെന്തിനാ GST അടയ്ക്കുന്നെ..?
ഇപ്പൊ അത് ഒരു കോടി ആക്കി എന്നൊക്കെ പറയുന്ന കേട്ടു. മൊത്തം ടേൺ ഓവറിന്റെ 5 % അടച്ചാൽ മതിയല്ലോ. അതിനെയല്ലേ Composition scheme എന്ന് പറയുന്നേ. അത് ഞാൻ കയ്യീന്നടയ്ക്കും. ലാഭത്തിൽ കുറഞ്ഞു. സാരമില്ല. 20 ലക്ഷത്തിൽ താഴെയാണ് ടേൺ ഓവറെങ്കിൽ രെജിസ്ട്രേഷൻ പോലും വേണ്ടല്ലോ".
"അപ്പോൾ Composition scheme ൽ ഉള്ള ഹോട്ടലുകൾക്കു 18 % GSTഎന്ന് ബില്ലിൽ അടിക്കാൻ പറ്റില്ലേ" ?
"ഇല്ല. Non A/c യ്ക്ക് GST 12 %, A/c ആണെങ്കിൽ 18 % എന്നൊക്കെ ബില്ലിൽ ചേർക്കാൻ അവർക്ക് എങ്ങനെ പറ്റും? അതൊക്കെ പകൽ കൊള്ളയല്ലേ? ടാക്സ് ബില്ലിൽ പെടുത്താൻ പോലും അവർക്ക് നിയമപരമായ അവകാശമില്ല. അങ്ങനെ ബില്ലടിച്ച് ഉപഭോക്താവിനെ കബളിപ്പിക്കുകയാണ്. നഗ്നമായ നിയമലംഘനമാണ് കാണിക്കുന്നത്. അവർ ഇടപാടുകാരോട് ടാക്സുൾപ്പെടെയുള്ള വില വാങ്ങുന്നു. സർക്കാരിന് ടാകസ് കൊടുക്കുന്നില്ല. ഇത് അക്ഷന്തവ്യമായ കുറ്റമാണ് ".
"പക്ഷെ, ഏതെങ്കിലും ഒരു ഹോട്ടലോ കടയോ ഈ കോമ്പോസിഷൻ സ്കീമിലുള്ളതാണോ എന്ന് നാട്ടുകാർ എങ്ങിനെ അറിയും? അതുകൊണ്ടല്ലേ അവരെ പറ്റിച്ചു ഭയമില്ലാത്തത് " ?
"തരുന്ന ബില്ലിലെ ജി എസ് ടി നമ്പർ ഏതെങ്കിലുമൊരാൾ https://services.gst.gov.in/services/searchtp ൽ ഒന്ന് പരിശോധിച്ച് നോക്കി അതു വ്യാജമാണെന്ന് തെളിഞ്ഞാൽ കച്ചവടക്കാരന് പണി ആകും. ഫേസ്ബുക്കും വട്സാപ്പും ഒക്കെ ഉള്ള ഇക്കാലത്ത് ആരെങ്കിലും ഒരു ബില്ലിന്റെ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്‌താൽ പിന്നെ സ്ഥാപന ഉടമ അതിന്റെ പുറകെ നടക്കണം. കുറഞ്ഞത് ഒരു പതിനായിരം രൂപ കൈക്കൂലി ഇനത്തിൽ സാറന്മാർ അടിച്ചോണ്ടു പോവുകയും ചെയ്യും."
"അപ്പൊ ടേൺ ഓവർ കൂടുതലുള്ള ശരിക്കും GST രെജിസ്ട്രേഷൻ ഉള്ളവർ നിരക്ക് കൂട്ടിയതോ? കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് ബിരിയാണി കഴിച്ചപ്പോൾ GST വരും മുമ്പ് 150 രൂപ ഉണ്ടായിരുന്നതിനാ 18 % GST ഉൾപ്പെടെ 177 രൂപ വാങ്ങി. ബില്ലും അടിച്ചു തന്നു".
"അത് ശരിയായ നടപടിയല്ല. ഈ 18% നേരെ എങ്ങനെ കൂട്ടും. അവർക്കു ഇൻപുട് ക്രെഡിറ്റു കിട്ടില്ലേ? അത് എവിടെ അഡ്ജസ്റ്റ് ചെയ്യും" ?
"ഇൻപുട് ക്രെഡിറ്റോ അതെന്താ ജോസേട്ടാ"?
"അതായത്, ബിരിയാണി ഉണ്ടാക്കാൻ വാങ്ങിയ അരി, എണ്ണ, മസാല തുടങ്ങിയ സാധനങ്ങൾ, അവരുടെ ഫോൺ ബില്ല്, പിന്നെ ആ കടയിലെ സോപ്പ് ചീപ് കണ്ണാടി സകല വിധ ബില്ലുകളിലും ജി എസ് ടി ഉണ്ടാവുമല്ലോ. ആ ജി എസ്ടി അവർ അടച്ചതല്ലേ?
അതവർക്ക് തിരിച്ചു ക്ലെയിം ചെയ്യാം? പിന്നെ ചിക്കൻ ബിരിയാണിയിലെ ചിക്കനാണല്ലോ, ചിക്കന് ജി എസ് ടി ഇല്ല എന്ന് കൂടി അറിയണം."
ഉദാഹരണത്തിന് ഒരു ബിരിയാണി ഉണ്ടാകാൻ 70 രൂപയുടെ സാധനം വാങ്ങി എന്ന് കരുതുക. ആ 70 രൂപയുടെ നികുതി, അതിനു വേണ്ട സാധനങ്ങൾ വാങ്ങിയപ്പോൾ മുമ്പുതന്നെ അടച്ചതാണല്ലോ. ബിരിയാണി ഉണ്ടാക്കിക്കഴിഞ്ഞു 30 രൂപ ലാഭം ഇട്ടു 100 രൂപയ്ക്കു വിൽക്കുന്നു. 100 രൂപയ്ക്കു 18 % ജി എസ് ടി ഇടുമ്പോൾ 118 രൂപ ബില്ല് അടിക്കുന്നു. ഇതിൽ 18 രൂപ സർക്കാരിലേയ്ക്ക് എന്ന് പറഞ്ഞാണ് വാങ്ങുന്നത്.
എന്നാൽ സാധനങ്ങൾ വാങ്ങിയപ്പോൾ കൊടുത്ത 70 രൂപയുടെ ജി എസ് ടി സപ്പോസ് 5 % കണക്കാക്കിയാൽ പോലും 3 രൂപ 50 പൈസ ഇൻപുട് ക്രെഡിറ്റു കിട്ടുന്നുണ്ട്. അതായത് അവർ 18 രൂപ നികുതി വാങ്ങുമ്പോൾ, 18 - 3.5 = 14 .5 രൂപയാണ് സർക്കാരിലേക്ക് അടയ്ക്കുന്നത്. 30 രൂപ ലാഭം വേണമെങ്കിൽ ബിരിയാണിയുടെ വില നൂറു രൂപ വേണ്ട, 96.50 പൈസ മതി. എന്ന് വച്ചാൽ ബിരിയാണിയുടെ വില വീണ്ടും 3 രൂപ 50 പൈസ കുറയണ്ടതാണ്. മാത്രമല്ല, ഈ കടക്കാരൻ ഇപ്പോൾ അല്ലല്ലോ ടാക്സ് കൊടുക്കുന്നത്, ഇതിനു മുമ്പും നികുതി കൊടുത്തു കൊണ്ടിരുന്നതാണല്ലോ. എന്തായിരുന്നു മുമ്പത്തെ നികുതി? ഏതാണ്ട് 20 % വരും. GST ടി വന്നപ്പോൾ അത് 18 % ആയി കുറഞ്ഞു. അവിടെയും രണ്ടു ശതമാനം കുറവുണ്ട്. അപ്പോൾ ആകെ എത്ര കുറവ് വന്നു.? അതായത് നേരത്തെ നികുതി അടക്കം 120 രൂപയ്ക്കു വിറ്റു കൊണ്ടിരുന്ന ബിരിയാണി ഇപ്പോൾ നികുതിയടക്കം 114
രൂപയ്ക്കു വിൽക്കാൻ പറ്റില്ലേ."?
"നിങ്ങളിതെന്നാ വർത്തമാനമാ ജോസേട്ടാ ഈ പറയുന്നേ? നിങ്ങള് പറയുന്നത് വെല കൊറഞ്ഞെന്ന്. പക്ഷെ നാടായ നാട് മുഴുവൻ വെല കൂടി. അതെങ്ങനെ ശരിയാകും"?
"ഒന്നുകിൽ ഈ കച്ചവടക്കാർ ആരൂം ഇത് വരെ നികുതി കൊടുക്കുന്നില്ലായിരുന്നു. അല്ലെങ്കിൽ അവർ ഈ പേരും പറഞ്ഞു വെല കൂട്ടി. GST എന്ന സംഭവം കൊണ്ട് ഇവിടെ ഹോട്ടലിലൊന്നും വെല കൂടേണ്ട ഒരു കാര്യവുമില്ല. വല്ല തക്കാളിക്കും തമിഴൻ വില കൂട്ടിയെിങ്കിൽ അതിന്റെ പേര് പറഞ്ഞു കൂട്ടിക്കോട്ടെ. GST യുടെ പേര് പറഞ്ഞു ആരും കൂട്ടേണ്ട കാര്യമൊന്നും ഇല്ല. പിന്നെ, എന്റെ കടയിൽ ബിരിയാണിക്ക് 118 രൂപയാണ്, വേണമെങ്കിൽ കഴിച്ചിട്ട് പോടാ എന്ന പറയാം എന്ന് മാത്രം. അത് തനി മുട്ടാപ്പോക്ക്".
"അപ്പോൾ ഈ ഹോട്ടൽ അസോസിയേഷൻ കൂടി എല്ലാവരും വെല ഒരുപോലെ കൂട്ടിയാൽ"?
"ആ ബെസ്ററ്, ഈ രാജ്യത്തെന്താ നിയമം ഒന്നും ഇല്ലേ? അങ്ങനെ സംഘടനക്കൊന്നും വില നിശ്ചയിക്കാൻ ഒക്കുകേല.. അതൊക്കെ നിയമ വിരുദ്ധമാണ്. കോമ്പറ്റിഷൻ കമ്മീഷൻ എന്ന് പറയുന്ന സംഗതിയൊക്കെ ഉണ്ട്".
"ഈ കൂടിയ വിലയൊക്കെ ഇനി എന്ന് കുറയും"?
"ആളുകൾ കാര്യം മനസിലാക്കി നാല് ഹോട്ടലുകാരെ കയ്യോടെ പിടി കൂടി ജനമധ്യത്തിൽ നാറ്റിച്ചു കഴിയുമ്പോൾ സത്യസന്ധരായ കച്ചവടക്കാർക്ക് കൂടുതൽ കച്ചവടം കിട്ടും. ഒന്ന് രണ്ടവന്മാരെ പിടിപ്പിച്ചു കഴിയുമ്പോൾ ബാക്കി ഉള്ളവർ നേർവഴി വരും.
കൂടുതൽ കഷ്ടപ്പാടൊന്നുമില്ല. ഹോട്ടൽ ബില്ല് ഫോട്ടോ എടുക്കുക നേരെ helpdesk@gst.gov.in അയയ്ക്കുക".
No comments:
Post a Comment