മലയാളിയെ പിടികൂടിയിരിക്കുന്ന മഹാ വിപത്തുകളിൽ ഒന്നായ എത്തിനിക് ഹെൽത്ത് കോർട്ട് വഴി ഷെയർ ചെയ്യപ്പെട്ട വൈഫൈ റൗട്ടറുകളെക്കുറിച്ചുള്ള ഒരു വീഡിയോ പലരിലും ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ ചില്ലറയല്ല. മുരിങ്ങയും പപ്പായയും ഉണങ്ങിപ്പോകുന്നത് മൊബൈൽ ടവറുകൾ കാരണമാണ്, വന്ധ്യതാ ക്ലിനിക്കുകൾ പെരുകാൻ കാരണം മൊബൈൽ ഫോണുകളാണ്, വൈഫൈ റൗട്ടറുകൾ കിടപ്പുമുറിയിൽ വച്ചാൽ ഗർഭം അലസാൻ സാദ്ധ്യതയുണ്ട്... എന്നു വേണ്ട ശാസ്ത്രത്തിന്റെ മേൻപൊടി ചേർത്ത് പ്രൊഫഷണൽ ആയി തയ്യാറാക്കുന്ന ലേഖനങ്ങളും വീഡിയോകളും വ്യാപകമായി സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റ് മെസഞ്ചറുകളിലൂടെയും വളരെ വേഗം ഷെയർ ചെയ്യപ്പെടുന്നു. പത്ത് പാരസെറ്റമോൾ ഗുളികകള് ഒരു എലിയ്ക്ക് കലക്കിക്കൊടുത്ത് എലി ചാകുമ്പോൾ പാരസെറ്റമോൾ വിഷമാണെന്ന് സ്ഥാപിക്കപ്പെടുന്നതുപോലത്തെ പരീക്ഷണങ്ങളാണ് ഉദാഹരണങ്ങളായി കൊണ്ടാടപ്പെടുന്നത്. പലരും ഇതെല്ലാം ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഷെയർ ചെയ്യുകയും 'കലികാലം.. അല്ലാതെന്താ' എന്ന് കമന്റിട്ട് നെടുവീർപ്പിടുകയും ചെയ്യുന്നു.
റേഡിയേഷൻ എന്ന പേര് ആണ് പലരിലും ഭീതിയുളവാക്കുന്നത് . റേഡിയേഷൻ എന്നത് ഊർജ്ജം പ്രസരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് എന്നറിയുക. റേഡിയേഷൻ എന്ന പ്രതിഭാസം ഇല്ലെങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല. സൂര്യനിൽ നിന്നും ചൂടും പ്രകാശവും ഭൂമിയിലേക്കെത്തുന്നത് റേഡിയേഷൻ മൂലമാണ്. ഈ റേഡിയേഷൻ എന്ന പ്രതിഭാസം ഉപയോഗപ്പെടുത്തിയാണ് എല്ലാ വാർത്താ വിനിമയ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ഇവിടെ റേഡിയേഷനുകൾ തന്നെ അടിസ്ഥാനപരമായി രണ്ടു തരം ഉണ്ട്. അയണൈസിംഗ് റേഡിയേഷനും നോൺ അയണൈസിംഗ് റേഡിയേഷനും. ഹൈസ്കൂൾ തലത്തിലെങ്കിലും ഫിസിക്സ് പഠിച്ചവർക്ക് അറിയാം വൈദ്യുത കാന്തിക തരംഗങ്ങൾ (electro magnetic waves) എല്ലാം ഒരുപോലെ അല്ലെന്നും. നമ്മുടെ പ്രകാശവും ഒരു വൈദ്യുത കാന്തിക തരംഗം ആണെന്നും. വൈദ്യുത കാന്തിക തരംഗങ്ങളെ അവയുടെ തരംഗ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഈ ഓരോ വിഭാഗങ്ങളും അവയുടെ ഭൗതിക ഗുണങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. റേഡിയോ തരംഗങ്ങളും സൂര്യപ്രകാശവും അൾട്രാ വയലറ്റ് കിരണങ്ങളും ഇൻഫ്രാ റെഡും എല്ലാം വൈദ്യുത കാന്തിക തരംഗങ്ങളാണ്. ഇത്തരം വൈദ്യുത കാന്തിക തരംഗങ്ങളുടെ അടിസ്ഥാനപരമായ സ്വഭാവങ്ങളിൽ പ്രമുഖമാണ് അവയിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം. ഇവിടെ തരംഗ ദൈർഘ്യം കൂടുമ്പോൾ ഊർജ്ജം കുറയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആവൃത്തി (ഫ്രീക്വൻസി) കൂടിയ തരംഗങ്ങളിൽ ഊർജ്ജവും കൂടുതൽ ആയിരിക്കും. വൈദ്യുത കാന്തിക സ്പെക്ട്രത്തിന്റെ ഇടത്തേ അറ്റത്തുള്ളതും 100 മെഗാ ഹെട്സിൽ പ്രവർത്തിക്കുന്നതുമായ ഒരു എഫ് എം സ്റ്റേഷൻ പ്രസരിപ്പിക്കുന്ന തരംഗങ്ങളിലെ ഫോട്ടോണുകളുടെ ഊർജ്ജം 0.000000041357 ഇലക്ട്രോൺ വോൾട്ട് ആണെങ്കിൽ ഏറ്റവും വലത്തേ അറ്റത്തുള്ള ഗാമാ വികിരണങ്ങളിൽ ഇത് 100000000000 ഇലക്ട്രോൺ വോൾട്ട് മുതൽ 100000000000000 ഇലക്ട്രോൺ വോൾട്ട് വരെ ആണെന്ന് മനസ്സിലാക്കുന്നത് ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിലെ ഇടത്തു നിന്നും വലത്തോട്ട് പോകുന്തോറുമുള്ള ഊർജ്ജ വ്യത്യാസത്തെക്കുറിച്ച് ഒരു ഏകദേശ ധാരണയെങ്കിലും നൽകും. ഇതിനിടയിലുള്ള നമ്മുടെ ധവളപ്രകാശം 1.2 ഇലക്ട്രോൺ വോൾട്ട് ആണ്.
എക്സ് റേ , ഗാമാ തുടങ്ങിയ ഉയർന്ന ആവൃത്തിയുള്ള തരംഗങ്ങളിൽ സ്വാഭാവികമായും ഊർജ്ജ നില വളരെ കൂടുതൽ ആയിരിക്കുമല്ലോ. ഇത്തരം തരംഗങ്ങളിലെ ശക്തമായ ഫോട്ടോണുകൾക്ക് അവ പതിക്കുന്ന വസ്തുക്കളെ അയണീകരിക്കാൻ തക്ക ഊർജ്ജ നില ഉള്ളതായിരിക്കും. ഇത്തരം തരംഗങ്ങൾ ജൈവ കോശങ്ങളിലൂടെ കടന്നു പോകുമ്പോഴും അവയ്ക്ക് സ്ഥായിയായ തകരാറുകൾ ഉണ്ടാക്കുവാൻ കഴിവുള്ളവയാണ്. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ദൃശ്യപ്രകാശത്തിനു വലതുവശത്ത് ഉള്ള ഉയർന്ന ആവൃത്തിയുള്ള തരംഗങ്ങൾ പൊതുവേ അയണൈസിംഗ് റേഡിയേഷൻസ് എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. ഇവിടെ ദൃശ്യപ്രകാശം (385–750 THz) അയണൈസിംഗ് റേഡിയേഷൻ എന്ന വിഭാഗത്തിൽ പെടുന്നില്ല എങ്കിലും ഉയർന്ന ആവൃത്തിയുള്ള അൾട്രാ വയലറ്റ് തരംഗങ്ങൾ (750–950 THz) അയണൈസിംഗ് വിഭാഗത്തിൽ പെടുന്നവയാണ്. അതായത് സൂര്യപ്രകാശത്തിൽ തന്നെയുള്ള അൾട്രാ വയലറ്റ് രശ്മികൾ ജൈവ കോശങ്ങളെ നശിപ്പിക്കാൻ പര്യാപ്തമായവയാണ്. ദൃശ്യപ്രകാശത്തിന്റെ ഇടതുവശത്തുള്ളതും ഇൻഫ്രാറെഡ് മുതൽ മുകളിലോട്ട് ആവൃത്തി കുറഞ്ഞതും ആയ തരംഗങ്ങളെ നോൺ അയണൈസിംഗ് റേഡിയേഷൻസ് എന്നു വിളിക്കാം. സൗരോർജ്ജത്തിനു ചൂടു തരുന്ന ഭാഗം ഇൻഫ്രാ റെഡ് തരംഗങ്ങൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 385 Thz മുതൽ 300 Ghz വരെയുള്ള തരംഗങ്ങളാണ് ഇൻഫ്രാ റെഡ് തരംഗങ്ങൾ 1 Ghz മുതൽ 300 Ghz വരെയുള്ള തരംഗങ്ങളെ മൈക്രോ വേവ് തരംഗങ്ങൾ എന്ന് വിളിക്കുന്നു. മൈക്രോവേവ് എന്ന പേര് നമുക്ക സുപരിചിതമാണ്. അതായത് മൈക്രോ വേവ് ഓവനുകൾ പ്രവർത്തിക്കുന്ന അതേ തരംഗങ്ങൾ തന്നെ. മൊബൈൽ ഫോണുകൾ, റഡാറുകൾ, ഫൈഫൈ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇൻഫ്രാ റെഡ് മുതൽ മൈക്രോവേവ് വരെയുള്ള തരംഗങ്ങൾക്ക് അവ കടന്നു പോകുന്ന വസ്തുക്കളെ കമ്പനം ചെയ്യിപ്പിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തിൽ മൈക്രോവേവ് തരംഗങ്ങൾ അവ പതിക്കുന്ന വസ്തുക്കളെ കമ്പനം ചെയ്ത് ചൂടാക്കുന്നു. മൈക്രോവേവ് ഓവനുകൾ ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. സെല്ലുലാർ ഫോൺ, ഫൈഫൈ തുടങ്ങിയവയെല്ലാം മൈക്രോവേവ് ഗണത്തിൽ പെടുന്നതുകാരണം ഇവയ്ക്കെല്ലാം 'ഹീറ്റിംഗ് എഫക്റ്റ്' ഉണ്ട്. പക്ഷേ ഉയർന്ന ശക്തിയുള്ള തരംഗങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ അവ കടന്നു പോകുന്ന വസ്തുക്കളെ കമ്പനം ചെയ്യിപ്പിച്ച് ചൂടാക്കാൻ കഴിയുകയുള്ളൂ. മൈക്രോവേവ് ഓവൻ പ്രവർത്തിക്കുന്നതും മൊബൈൽ ഫോൺ പ്രവർത്തിക്കുന്നതും ഒരേ ഫ്രീക്വൻസി ബാൻഡിൽ ആണെന്നതിനാൽ മൈക്രോവേവ് ഓവനുകളെപ്പോലെ മൊബൈൽ ഫോൺ തരംഗങ്ങൾക്കും അവ ഏൽക്കുന്ന വസ്തുക്കളെ ചൂടാക്കാൻ കഴിയില്ലേ എന്ന ഒരു സ്വാഭാവിക സംശയം ഉണ്ടായേക്കാം. ഇവിടെ രണ്ടിന്റെയും പവർ ലെവലിൽ ഉള്ള വ്യത്യാസം ശ്രദ്ധിക്കുക- മൈക്രോ വേവ് ഓവന്റെ പവർ 700 വാട്ട് മുതൽ 1000 വാട്ട് വരെ ആണ് മാത്രവുമല്ല ഇത് ഏതാനും സെന്റീ മീറ്ററുകൾക്ക് ഉള്ളിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. സ്റോതസ്സിൽ നിന്നുള്ള ദൂരം കൂടുന്തോറും ആനുപാതികമായി ഊർജ്ജത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ഇനി മൊബൈൽ ടവറിന്റെ കാര്യം എടുക്കാം. ഒരു മൊബൈൽ ടവറിന്റെ പരമാവധി പവർ 10 മുതൽ 15 വാട്ട് വരെയേ ഉണ്ടാകൂ മൊബൈൽ ഫോണിന്റേതാണെങ്കിൽ 1 മുതൽ 2 വാട്ട് വരെ. ഇതിൽ നിന്നും തന്നെ മൈക്രോ വേവ് ഓവൻ, മൊബൈൽ ടവർ, മൊബൈൽ ഹാൻഡ്സെറ്റ് എന്നിവയുടെ പവർ ലെവലിൽ ഉള്ള വ്യത്യാസം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. ഒരു കാര്യം വിട്ടുപോയി ഭീകരന്മാരായ വൈഫൈ റൗട്ടറുകളുടെ പരമാവധി ഔട്പുട് വെറും 250 മില്ലി വാട്ട് ആണ് (സാധാരണഗതിയിൽ 100 മുതൽ 150 മില്ലീവാട്ടെ ഉണ്ടാകാറുള്ളൂ അതായത് ഒരു മൊബൈൽ ഫോണിന്റെ പത്തിൽ ഒന്നു പോലും പവർ ഇല്ലെന്ന് അർത്ഥം). ഒരു മൊബൈൽ ടവർ 500 വാട്ട് പവർ ട്രാൻസ്മിറ്റ് ചെയ്ത് ( എന്ന് സങ്കൽപ്പിക്കുക) ആന്റിനയുടെ ഏതാനും സെന്റീമീറ്ററുകൾ മുന്നിലുള്ള ഒരു പോയന്റിൽ ഫോക്കസ് ചെയ്യാൻ കഴിഞ്ഞാ ൽ ഒന്നോ രണ്ടോ മുട്ടയൊക്കെ പുഴുങ്ങി എടുക്കാൻ പറ്റിയെന്നു വരാം. പക്ഷേ നിർഭാഗ്യവശാൽ അതിന്റെ നൂറിലൊന്ന് പവർ പോലും മൊബൈൽ ടവറുകൾക്ക് ഇല്ല. അപ്പോൾ സാധാരണ മൊബൈൽ ഫോണുകളുടേയും വൈഫൈ റൗട്ടറുകളുടേയും കാര്യം പറയേണ്ടതില്ലല്ലോ.
പിന്നെന്തിനാണ് മൊബൈൽ ഫോണുകളിൽ SAR (Specific Absorption Rate) നിഷ്കർഷിച്ചിരിക്കുന്നത്? വെയിലത്ത് നിന്നാൽ ശരീരത്തിന്റെ ചൂട് കൂടാറില്ലേ? ശരീരം വിയർപ്പിലൂടെയും മറ്റും ആ ചൂട് കുറച്ച് കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെങ്കിലും തീർച്ചയായും ശരീരോഷ്മാവ് അല്പമെങ്കിലും കൂടാതിരിക്കില്ല. ഇത് മാത്രമല്ല സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് റേഡിയേഷൻ ത്വക്ക് ആഗിരണം ചെയ്യുന്നതായും അറിയുമല്ലോ. അതുപോലെത്തന്നെ ശരീര കലകൾ മറ്റ് വൈദ്യുത കാന്തിക തരംഗങ്ങളെയും ആഗിരണം ചെയ്യുന്നു. ഇത്തരത്തിൽ ഏത് ഊർജ്ജവും ഒരു പരിധിയിൽ കൂടുതൽ ആഗിരണം ചെയ്യുന്നത് ശരീര കലകൾക്ക് ദോഷമുണ്ടാക്കിയേക്കാം. ഓർമ്മിക്കുക ഇതിന് ക്യാൻസർ ഉണ്ടാക്കുക എന്ന അർത്ഥം ഇല്ല. വൈദ്യുത കാന്തിക വികിരണങ്ങൾ കൂടുതൽ നേരം ഒരു പ്രത്യേക ഇടത്ത് പതിക്കുമ്പോൾ അവിടത്തെ താപ നിലയിൽ ചെറുതായ വർദ്ധനവ് ഉണ്ടായേക്കാം. ഇത് വികിരണത്തിന്റെ ശക്തി, ഫ്രീക്വൻസി, വികിരണമേൽക്കുന്ന സമയം എന്നിവയ്ക്ക് നേർ അനുപാതത്തിൽ ആയിരിക്കും. ഈ ആഗിരണത്തോത് SAR എന്ന പേരിൽ അറിയപ്പെടുന്നു. വാട്സ് പ്രതി കിലോഗ്രാം (Watts/Kg) ആണ് ഇതിന്റെ യൂണിറ്റ്. എല്ലാ രാജ്യങ്ങളും അതത് രാജ്യങ്ങളിലെ മൊബൈൽ ഫോണുകൾക്കായി SAR പരിധി നിർണ്ണയിച്ചിട്ടൂണ്ട്. അമേരിക്കയിൽ 1.6 വാട്സ് / കിലോഗ്രാം ആണെങ്കിൽ യൂറോപ്യൻ യൂണിയനിൽ ഇത് 2 വാട്സ് / കിലോഗ്രാം ആണ്. ഇന്ത്യ അമേരിക്കൻ മാതൃക പിൻതുടർന്ന് 1.6 വാട്സ് / കിലോഗ്രാം ആയി എസ് എ ആർ പരിധി നിർണ്ണയിച്ചിരിക്കുന്നു. ഒരു മൊബൈൽ ടവർ ആന്റിനയുടെ തന്നെ നേരെ മുന്നിൽ ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിൽ മണിക്കൂറുകൾ നിന്നാലും അതുപോലും FCC നിഷ്കർഷിക്കുന്ന പരിധിയുടെ നൂറിൽ ഒരംശം പോലും എത്തുകയില്ല. ഉയർന്ന SAR ഉള്ള മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതുകൊണ്ട് ചെവി ചൂടാകുന്നു, തലവേദനിക്കുന്നു എന്നു തുടങ്ങി പല മിഥ്യാ ധാരണകളുമുണ്ട്. ഹെഡ് സെറ്റ് ഉപയോഗിക്കാതെ ഫോൺ ചെവിയോട് ചേർത്ത് വച്ച് ദീർഘ നേരം ഉപയോഗിക്കുമ്പോൾ ഫോണിന്റെ ചൂട് ചെവിയിലേക്ക് എത്തുന്നതും വായുസഞ്ചാരം തടസ്സപ്പെടുന്നതുമാണ് ഇത്തരത്തിൽ ചെവി ചൂടാകാനുള്ള കാരണമെന്നോർക്കുക അല്ലാതെ ഫോണിന്റെ റേഡിയേഷൻ തലയ്ക്കുള്ളിലേക്ക് കയറി തലയെ ചൂടാക്കുന്നതല്ല. അതിനാൽ ദീർഘ നേരം സംസാരിക്കുമ്പോൾ ഹെഡ്സെറ്റ് ഉപയോഗിക്കുന്ന ശീലം ഇല്ലെങ്കിൽ ഡിസ്പ്ലേയും ബാറ്ററിയും അധികം ചൂടാകാത്ത ഫോൺ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.
ലോകാരോഗ്യ സംഘടനയുടെ ഭാഗമായ International Agency for Research on Cancer മൊബൈൽ / വൈഫൈ റേഡിയേഷനുകളെ ക്യാൻസറിനു കാരണമായേക്കാമെന്ന് സംശയിക്കപ്പെടുന്ന കാർസിനോജനിക് പട്ടികയിൽ (2 B Table) പെടുത്തിയിട്ടുണ്ട് എന്ന വിവരത്തെ വളച്ചൊടിച്ചും ഞെരിച്ചൊടിച്ചും മൊബൈൽ ഫോണുകളെയും വയർലെസ് റൗട്ടറുകളെയും ഭീകര ജീവികളാക്കാൻ അന്താരാഷ്ട്ര ജേക്കബ് വടക്കഞ്ചേരിമാരും എത്തിനിക് ഹെൽത് കോർട്ട് പോലെയുള്ള ഫേസ്ബുക്ക് പേജുകളും മത്സരിക്കുന്നു. IARC ക്യാൻസർ കാരകങ്ങളായ പദാർത്ഥങ്ങളെ ക്യാൻസർ ഉണ്ടാക്കാനുള്ള സാദ്ധ്യതകളുടെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ആ പട്ടിക ഒന്ന് പരിശോധിക്കാം.
Group 1 - Carcinogenic to humans (120 agents)
Group 2A - Probably carcinogenic to humans(81 agents)
Group 2B - Possibly carcinogenic to humans (294)
Group 3 - Not classifiable as to its carcinogenicity to humans (505)
Group 4 - Probably not carcinogenic to humans (1)
ഇതിൽ ഗ്രൂപ്പ് 1 വിഭാഗത്തിൽ പെടുന്ന പദാർത്ഥങ്ങൾ ക്യാൻസർ ഉണ്ടാക്കാൻ കൂടുതൽ സാദ്ധ്യതകൾ ഉള്ളതാണ്. എക്സറേ മുതൽക്കുള്ള റേഡിയോ ആക്റ്റീവ് വികിരണങ്ങൾ , റേഡിയം , ആഴ്സനിക് തുടങ്ങിയ അപകടകരമായ പദാർത്ഥങ്ങൾ മുതൽ അറക്കപ്പൊടി, ഉണക്കമീൻ, വാഹനങ്ങളുടെ പുക, ആസ്ബസ്റ്റോസ്, മിനറൽ ഓയിൽ,.. എന്നു തുടങ്ങി നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല വസ്തുക്കളും ഗ്രൂപ്പ് 1 പട്ടികയിൽ പെടുന്നു. സൗരോർജ്ജവും (സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് വികിരണങ്ങൾ ) ഈ പട്ടികയിൽ ഉണ്ടെന്ന് ഓർക്കുക. അതായത് വെയിലു കൊണ്ടാൽ ക്യാൻസർ വരും എന്ന് ചിലർക്ക് ഈ പട്ടികയുടെ അടിസ്ഥാനത്തിൽ തറപ്പിച്ചു പറഞ്ഞേക്കാം . ഗ്രൂപ്പ് 2A യിൽ ആകട്ടെ 65 ഡിഗ്രി സെന്റീഗ്രേഡിനു മുകളിൽ ചൂടുള്ള പാനീയങ്ങൾ വരെ കാർസിനോജനിക് ആണ്. ഒറ്റ ബുദ്ധിയിലൂടെ ഇത് മാത്രം ഉദാഹരിച്ച് ചൂടുവെള്ളം കുടിച്ചാൽ ക്യാൻസർ ഉണ്ടാകും ന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? ബിറ്റുമിൻ ഗ്രൂപ്പ് 2A കാർസിനോജനിക് ആണ്. ലോകാരോഗ്യ സംഘടനയുടെ കാൻസർ കാരകമായ പദാർത്ഥങ്ങളുടെ പട്ടികയിൽ ബിറ്റുമിൻ ഉള്ളതിനാൽ വേനൽക്കാലത്ത് ടാറിട്ട റോഡിലൂടെ സഞ്ചരിക്കുന്നത് ക്യാൻസർ ഉണ്ടാക്കും എന്നൊരു സിദ്ധാന്തം ഇറക്കിയാൽ എങ്ങിനെയിരിക്കും? ഇതും കഴിഞ്ഞാണ് ഗ്രൂപ്പ് 2 B വിഭാഗത്തിൽ പെടുന്ന പദാർത്ഥങ്ങളും സംയുക്തങ്ങളും വികിരണങ്ങളുമെല്ലാം വരുന്നത്. അതായത് താരതമ്യേന വളരെ സാദ്ധ്യത കുറവുള്ളതും എന്നാൽ പൂർണ്ണമായും തള്ളിക്കളയാൻ കഴിയാത്തതുമായ കാൻസർ കാരക പദാർത്ഥങ്ങളുടെ ഒരു ലിസ്റ്റ്. ഈ പട്ടികയിൽ 294 വസ്തുക്കളാണുള്ളത്. മൊബൈൽ ഫോണുളും വൈഫൈയുമെല്ലാം പ്രവർത്തിക്കുന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഈ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഒരൊറ്റ പട്ടികയിൽ കടിച്ച് തൂങ്ങി മൊബൈൽ ടവറുകളും വൈഫൈയുമാണ് ക്യാൻസർ ഉണ്ടാക്കുന്നതെന്ന നെടുങ്കൻ ലേഖനങ്ങൾ ചമയ്ക്കുന്നവരും പ്രഭാഷണങ്ങൾ നടത്തുന്നവരും ബോധപൂർവ്വം ഒരു കാര്യം വിട്ടുകളയുന്നു - ഇതേ പട്ടികയിൽ പെട്രോളിയം ഉല്പന്നങ്ങൾ മുതൽ ടാൽകം പൗഡർ വരെയും കറ്റാർ വാഴ മുതൽ കാപ്പിപ്പൊടി വരെയുമുള്ള മിക്ക നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുന്നു. മാത്രവുമല്ല ഈ വസ്തുക്കളെല്ലാം ഏറിയും കുറഞ്ഞും ഒറ്റക്കും അല്ലാതെയും പല രൂപത്തിൽ നമുക്ക് ചുറ്റും ഉണ്ട്. ചില പ്രതികൂല സാഹചര്യങ്ങളും നിർദ്ദിഷ്ട അളവിലും വളരെ കൂടുതലായി ദീർഘകാലത്തെ ഉപയോഗവുമെല്ലാം ഈ വസ്തുക്കൽ ക്യാൻസർ കാരകങ്ങളായി പ്രവർത്തിക്കുവാനുള്ള സാദ്ധ്യതകൾ തള്ലിക്കളയാനാകില്ല. ഒരു ഉദാഹരണം പറയാം. എക്സറേ ക്യാൻസർ കാരകമായതും അയണൈസിംഗ് റേഡിയേഷൻ വിഭാഗത്തിൽ പെടുന്നതുമായ ഒരു വികിരണമാണ്. അതുകൊണ്ട് മാത്രം വല്ലപ്പോഴും ഒരു എക്സറേ എടുക്കുന്നത് ക്യാൻസർ ഉണ്ടാക്കും എന്ന് അർത്ഥമില്ല എന്നു മാത്രവുമല്ല നിരുപദ്രവകരവുമാണെന്ന് ക്ലിനിക്കൽ ട്രയലുകൾ സൂചിപ്പിക്കുന്നു. പക്ഷേ ഒരു എക്സറേ ടെക്നീഷ്യന്റെ കാര്യം അതല്ല. ദിവസേന നൂറുകണക്കിന് എക്സറേകൾ എടുക്കുന്ന ഒരു ടെക്നീഷ്യൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. സൗരോർജ്ജത്തിലെ അൾട്രാ വയലറ്റ് ക്യാൻസർ കാരകമാണ്. സാധാരണ ഇടങ്ങളിൽ ഇത് അത്ര മാരകമാകുന്നില്ല എങ്കിലും സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യതാപം കൂടുതൽ നേരം ഏൽക്കുന്നത് അപകടകരമാണ്. അതിനാൽ ഈ ക്യാൻസർ കാരക പദാർത്ഥങ്ങളെല്ലാം ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക അളവിൽ കൂടുതൽ ആയാൽ മാത്രമേ ക്യാൻസർ ഉണ്ടാക്കാൻ കാരണമാവുകയുള്ളൂ. ഈ പട്ടികയിലെ ചില പദാർത്ഥങ്ങളുടെ കാര്യത്തിലാകട്ടെ ഇത്തരം സാഹചര്യങ്ങളും സാദ്ധ്യതകളും നഗരവീഥിയിലൂടെ കാറിൽ സഞ്ചരിക്കുന്ന ഒരാളെ കരടി പിടിച്ച് തിന്നുവാനുള്ള സാദ്ധ്യതകൾക്ക് സമവുമാണ്.
ഇനിയും എഴുതി നീണ്ടുപോയാൽ ആരും വായിക്കും എന്ന് തോന്നുന്നില്ല. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് പഠിച്ചിട്ടുണ്ട് എന്നതും കഴിഞ്ഞ പത്തു പതിനെട്ട് വർഷങ്ങളായി ഹൈ റേഡിയേഷൻ സോണുകളിൽ ജോലി ചെയ്തിട്ടുണ്ട് എന്നതും മാത്രമാണ് ഈയുള്ളവന് ഈ വിഷയത്തിലുള്ള പരിമിതമായ അറിവ്. ഗവേഷണം നടത്തിയിട്ടില്ല, പ്രബന്ധങ്ങളൊന്നും എഴുതിയിട്ടും ഇല്ല. അതിനാൽ എന്തെങ്കിലും പിഴവുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുന്നതിൽ സന്തോഷമേ ഉള്ളൂ. വൈശാഖൻ തമ്പി ഉൾപ്പെടെ പലരും ഇതിനെക്കുറിച്ച് ഫേസ് ബുക്കിൽ തന്നെ വളരെ മനോഹരമായി എഴുതിയിട്ടും ഉണ്ട്. ഈ വിഷയത്തിൽ ധാരാളം ലേഖനങ്ങൾ വിശ്വസനിയമായ വെബ് പോർട്ടലുകളിൽ ലഭ്യവുമാണ്. റഫറൻസിനായി എടുത്ത ലിങ്കുകൾ ഇതോടൊപ്പം ചേർക്കുന്നു.
https://www.cancer.org/cancer/cancer-causes/radiation-exposure/cellular-phones.html
http://monographs.iarc.fr/ENG/Classification/
https://en.wikipedia.org/wiki/List_of_IARC_Group_1_carcinogens
https://en.wikipedia.org/wiki/List_of_IARC_Group_2A_carcinogens
https://en.wikipedia.org/wiki/List_of_IARC_Group_2B_carcinogens
https://en.wikipedia.org/wiki/Specific_absorption_rate
http://sarvalues.com/
https://en.wikipedia.org/wiki/Non-ionizing_radiation
വാൽക്കഷണം: മനുഷ്യരിൽ ക്യാൻസർ ഉണ്ടാക്കില്ലെന്ന് തറപ്പിച്ചു പറയുന്ന ഒരേ ഒരു വസ്തു കാപ്രോലാക്റ്റം (Caprolactam) മാത്രമാണ്. അതിനാൽ ക്യാൻസർ പേടിയുള്ളവർക്ക് മൂന്നു നേരം കാപ്രോലാക്റ്റം കലക്കിക്കുടിക്കാം.
കടപ്പാട്: സുജിത് കുമാർ
No comments:
Post a Comment