Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact asapwayanad@gmail.com

Thursday, 23 March 2017

സ്വതന്ത്രചിത്രങ്ങളും വിക്കികോമണ്‍സും

സ്വതന്ത്രചിത്രങ്ങളും വിക്കികോമണ്‍സും

നവനീത്

------

ഒരു പ്രസന്റേഷന്‍ ഉണ്ടാക്കാന്‍, ഒരു ലേഖനത്തിന് പിന്‍ബലമേകാന്‍, ഒരു പോസ്റ്റര്‍ തയ്യാറാക്കാന്‍ ഒക്കെ ഇന്റര്‍നെറ്റില്‍നിന്നും നാം ചിത്രങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചിത്രങ്ങള്‍ തിരഞ്ഞെു കണ്ടുപിടിച്ച് തോന്നിയപോലെ ഉപയോഗിക്കാന്‍ നമുക്ക് അവകാശമുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ഓരോ ചിത്രത്തിന്റെ കോപ്പിറൈറ്റ് എന്തെന്നുനോക്കി അതിനനുസരിച്ചുമാത്രമേ നമുക്ക് ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ. നിയമപരമായി ഇങ്ങനെയാണ് അവസ്ഥയെങ്കിലും നാം അതൊരിക്കലും പരിഗണിക്കാറേയില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ചിത്രങ്ങളെടുക്കുന്നത് ഇങ്ങനെയൊക്കെത്തന്നെ.  ഇന്റര്‍നെറ്റില്‍ കിട്ടുന്ന ചിത്രങ്ങള്‍ എല്ലാം എങ്ങനെയും ഉപയോഗിക്കാം എന്നൊരു ധാരണ അതിലൂടെ നമുക്കു ലഭിച്ചിട്ടുണ്ട്. പക്ഷേ അത് നിയമവിരുദ്ധമാണ്.
സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ലേ?
തീര്‍ച്ചയായും. നിയമപ്രശ്നങ്ങളില്ലാതെ എന്താവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന കോടിക്കണക്കിനു ചിത്രങ്ങള്‍ നെറ്റില്‍ ലഭ്യമാണ്. സ്വതന്ത്രമായ ഉപയോഗത്തിന് അനുയോജ്യമായ വിവിധ ലൈസന്‍സുകളോടെയാണ് ഇത്തരം ചിത്രങ്ങള്‍ ലഭ്യമാവുക. 
വിവിധ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സുകളാണ് ചിത്രങ്ങള്‍ക്കുണ്ടാവുക. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സുകളില്‍ പൊതുവായി പറയുന്ന ഒരേയൊരു കാര്യം കടപ്പാട് നല്‍കണം എന്നതു മാത്രമാണ്. Creative Commons CC0  എന്നു കാണുന്നതും പൊതുസഞ്ചയത്തിലുമുള്ള ചിത്രങ്ങള്‍ കടപ്പാട് നല്‍കാതെയും ഉപയോഗിക്കാം. 

നെറ്റില്‍നിന്ന് സ്വതന്ത്രചിത്രങ്ങള്‍ എങ്ങനെ കണ്ടെത്താം?
തിരച്ചില്‍രീതികളില്‍ അല്പം മാറ്റം വരുത്തിയാല്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഗൂഗിളിലാണ് ഏറ്റവുംകൂടുതല്‍പേരും തിരയുന്നത് എന്നതിനാല്‍ അതില്‍ എങ്ങനെയാണ് ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തുന്നത് എന്ന കാര്യം വിവരിക്കാം. ഗൂഗിളില്‍ എന്തെങ്കിലും വിവരം തിരയുമ്പോള്‍ images എന്നൊരു ഓപ്ഷന്‍ കൂടി കാണാം. അതില്‍ ക്ലിക്കിയാല്‍ തിരച്ചില്‍വാക്കിന് അനുസൃതമായ ചിത്രങ്ങള്‍ കാണാം. പക്ഷേ അവയെല്ലാം സ്വതന്ത്രമല്ല. ഇമേജ് സെര്‍ച്ചിന്റെ അടുത്തായി Tools എന്നൊരു ഓപ്ഷന്‍ കാണും. അതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ത്തന്നെ Usage rights എന്നൊരു ഓപ്ഷന്‍ കാണും. അതില്‍നിന്നും Labeled for reuse with modification എന്നൊരു ലിങ്ക് കാണും. അതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന ചിത്രങ്ങളെല്ലാം സ്വതന്ത്രമായി ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടവ ആയിരിക്കും.
https://pixabay.com/ എന്ന സൈറ്റ് മറ്റൊരു സാധ്യതയാണ്. വളരെ മികച്ച ചിത്രങ്ങള്‍ പൊതുസഞ്ചയത്തില്‍ത്തന്നെ അവിടെ ലഭ്യമാണ്. കടപ്പാട് നല്‍കാതെപോലും അവ ഉപയോഗിക്കാം.

വിക്കി കോമണ്‍സ് എന്ന സ്വതന്ത്രമീഡിയാക്കൂട്ടം!

ഫേസ്‍ബുക്കില്‍ എല്ലാവരും സ്വന്തമായി എടുത്തതും അല്ലാത്തതുമായി നിരവധി ചിത്രങ്ങള്‍ ഇടുന്നുണ്ട്. സ്വന്തം മൊബൈലില്‍ എടുത്തതാവും ബഹുഭൂരിപക്ഷം ചിത്രങ്ങളും. രണ്ടോ മൂന്നോ ദിവസത്തിനകം ഈ ചിത്രങ്ങള്‍ വിസ്മൃതിയില്‍ മറയും. എത്ര നല്ല ചിത്രങ്ങളാണെങ്കിലും അതിന്റെ വിധിയില്‍ മാറ്റമൊന്നുമില്ല. മികച്ച ചിത്രങ്ങള്‍ എടുക്കുകയും അവ ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചുപോവുകയും ചെയ്താലോ..  (മിക്കപ്പോഴും അങ്ങനെയല്ലേ സംഭവിക്കുക?) ഇവിടെയാണ് വിക്കിസംരംഭങ്ങള്‍ നിങ്ങളെ സഹായിക്കുന്നത്.
വിക്കിപീഡിയയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. അവിടെ ലേഖനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ മുഴുവന്‍ വിക്കിമീഡിയ കോമണ്‍സില്‍ നിന്നുള്ളതാണ്. (https://commons.wikimedia.org) തികച്ചും സ്വതന്ത്രമായ ചിത്രങ്ങളാണ് ഇവിടെയുള്ളത് എന്നതാണ് കോമണ്‍സിന്റെ പ്രത്യേകത.
ആര്‍ക്കും സ്വയമെടുത്ത ചിത്രങ്ങള്‍ പല തരത്തിലുള്ള സ്വതന്ത്രലൈസന്‍സോടെ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാനാകും.
ഇന്റര്‍നെറ്റില്‍നിന്നും കിട്ടുന്ന ചിത്രങ്ങള്‍ ആര്‍ക്കും തോന്നിയപോലെ എടുത്ത് ഉപയോഗിക്കാന്‍ അവകാശമില്ല എന്നു നേരത്തേ പറഞ്ഞല്ലോ. എന്നാല്‍ വിക്കി കോമണ്‍സിലെ ചിത്രങ്ങളാണെങ്കില്‍ ആര്‍ക്കും കടപ്പാടോടെ ഉപയോഗിക്കാം. നമ്മളെടുക്കുന്ന ചിത്രങ്ങളിലൂടെ ലോകം എന്നെന്നും നമ്മെ ഓര്‍ക്കാന്‍ വിക്കിമീഡിയോ കോമണ്‍സില്‍ക്കൂടി ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സഹായിക്കും.
പണമൊന്നും പ്രതീക്ഷിക്കരുത് എന്നുകൂടി പറയട്ടെ. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സോടെ അപ്ലോഡ് ചെയ്താല്‍ നിങ്ങള്‍ക്ക് ആ ചിത്രത്തിന്റെ ക്രഡിറ്റ് ലഭിക്കും. മറ്റാര്‍ക്കും എന്താവശ്യത്തിനും ആ ചിത്രം ഉപയോഗിക്കാമെങ്കിലും ചിത്രത്തിന്റെ കടപ്പാട് ഫോട്ടോഗ്രാഫര്‍ക്ക് നല്‍കിയേ തീരൂ.

വൈജ്ഞാനികമൂല്യമുള്ള ഏതു ചിത്രവും ചലച്ചിത്രവും ഓഡിയോക്ലിപ്പും വിക്കികോമണ്‍സിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതാണ്. അതിനായി വിക്കികോമണ്‍സില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.  https://commons.wikimedia.org ല്‍ ചെന്നാല്‍ വളരെ ലളിതമായി ഒരു അക്കൗണ്ട് ഉണ്ടാക്കാനാകും. ഏതു വിക്കിസംരംഭങ്ങളിലേക്കും ഇതേ അക്കൗണ്ട് ഉപയോഗിക്കാനുമാവും. അതിനുശേഷം അപ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. വൈജ്ഞാനികമൂല്യം നിലനിര്‍ത്തുന്ന ഒരു പേര് ചിത്രങ്ങള്‍ക്കു നല്‍കാന്‍ ശ്രദ്ധിച്ചാല്‍ ഏറെ നന്നായിരിക്കും.
ഏതുതരം ഫോട്ടോകളും അപ്‍ലോഡ് ചെയ്യാം. ഭക്ഷണപദാര്‍ത്ഥങ്ങള്‍, ചെടികള്‍, മൃഗങ്ങള്‍, പ്രാണികള്‍, സ്ഥലങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി വൈജ്ഞാനികമൂല്യമുണ്ട് എന്നു നിങ്ങള്‍ക്കുതോന്നുന്ന ഏതൊരു ചിത്രവും ഇങ്ങനെ അപ്‍ലോഡാവുന്നതാണ്.

കേരളത്തില്‍ നിരവധി പ്രസാധകരും മാധ്യമങ്ങളും ഉണ്ട്. ഇന്റര്‍നെറ്റില്‍നിന്നുള്ള ചിത്രങ്ങള്‍ ഇവരെല്ലാവരും ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അവശ്യമായ കടപ്പാട് നല്‍കുന്ന കാര്യത്തില്‍ ബഹുഭൂരിപക്ഷവും അറിയാതെയോ അറിഞ്ഞോ വിമുഖത കാണിക്കുന്നുണ്ട്. കടപ്പാട് നല്‍കുക എന്നത് ഒരു സംസ്കാരമാണ്. നല്ല മനുഷ്യരുടെ ലക്ഷണമാണത്.  വിക്കികോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം കൂട്ടിച്ചേര്‍ത്ത ഏതു മീഡിയ ഉപയോഗിക്കുമ്പോഴും അത് സൃഷ്ടിച്ചയാള്‍ക്ക് കടപ്പാട് നല്‍കേണ്ടതുണ്ട്. അത് അവരുടെ അവകാശമാണ്.  ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം അപ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫോട്ടോ കടപ്പാട് നല്‍കാതെ ഏതെങ്കിലും പ്രസാധകരോ മാധ്യമങ്ങളോ ഉപയോഗിച്ചാല്‍ അതെടുത്തയാള്‍ക്ക് നിയമപരമായി അതിനെ നേരിടാന്‍പോലും കഴിയും.  ഒരാള്‍ ഫോട്ടോ എടുത്തതുകൊണ്ട് അത് നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. അത് വിക്കികോമണ്‍സ് പോലുള്ള ഒരു സൈറ്റില്‍ അപ്‍ലോഡ് ചെയ്തതിനാല്‍ മാത്രമാണ് അത് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്. അതിനാല്‍ അവരെ ഒന്നു പരിഗണിക്കുന്നതാണ് മാന്യത. ഒരു കുഞ്ഞുകടപ്പാട്. അതങ്ങ് കൊടുത്തേക്കൂ. അതൊരു സംസ്കാരമാണ്. അങ്ങനെ സാംസ്കാരികമായി ലോകനിലവാരത്തിലേക്ക് ഉയരൂ..

(Creative Commons Attribution-Share Alike 4.0 International ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നത്.)

No comments:

Post a Comment