മോബൈലുകള്‍ ഇന്നു നമുക്ക് ഒഴിവാക്കാനാവാത്ത ഒരു കാര്യമായ് മാറിയിരിക്കുന്നു.ആന്‍ഡ്രോയ്ഡ് ഇറങ്ങിയതോട് കൂടി സ്മാര്‍ട്ട്ഫോണ്‍ സാധാരണക്കാരന്റെയും സന്തത സഹചാരി ആയി മാറിക്കഴിഞ്ഞു.ജിയോയുടെ വരവോടെ ഇന്റര്‍ നെറ്റും നമ്മെ വിട്ടുപിരിയാനാവാത്തവിധം ആശ്ലേഷിച്ചിരിക്കുന്നു. എന്തിനും ഏതിനും മോബൈലില്‍ ഒന്നു രണ്ട് പ്രാവശ്യം വിരലമര്‍ത്തിയാല്‍ മതി എല്ലാം സാധിക്കുമെന്നായിരിക്കുന്നു.അതിനിടയില്‍ അശ്രദ്ധമൂലം ,അജ്ഞതമൂലം നമ്മള്‍ പല കെണിയിലും വീഴാനും സാധ്യത ഉണ്ട്.അതിനാല്‍ നിങ്ങളുടെ അറിവിലേക്ക് എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.
ആദ്യത്തേത് നമ്മുടെ മോബൈല്‍ ഒരിക്കലും മറ്റൊരാള്‍ക്കും കൈമാറരുത്.ഫോണ്‍ ലഭിക്കുന്ന സ്വല്‍പം ജ്ഞാനം ഉള്ള വ്യക്തിക്ക് നമ്മുടെ വാട്ട്സാപ്പ് നിരീക്ഷിക്കാനും ഫോണിലെ മുഴുവന്‍ കാര്യങ്ങളും അവരുടെ നിയന്ത്രണത്തിലാക്കാനും കഴിയുന്ന സ്പൈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിമിഷ നേരം മതി.അതുകൊണ്ട് ഫോണ്‍ പാസ്സ് കോഡ് ഇട്ട് സൂക്ഷിക്കുക.
പാറ്റേണ്‍ ലോക്കിനു പകരം പാസ്സ്‌കോഡുകള്‍ ഉപയോഗിക്കുക. ഫോണ്‍ അരണ്ട വെളിച്ചത്തില്‍ ചരിച്ച് പിടിച്ചാല്‍ നമ്മള്‍ ഡ്രാഗ് ചെയ്യുന്ന പാറ്റേണിന്റെ ഭാഗത്ത് നമ്മള്‍ വിരല്‍ ഉപയോഗിച്ച് വരച്ച പാറ്റേണിന്റെ നേര്‍ത്ത പാടുകള്‍ കാണുമെന്നതിനാല്‍ ചിലപ്പോള്‍ പാറ്റേണ്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ആയേക്കും. സ്ക്രീന്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
ഫേസ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം നിങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത,നിങ്ങള്‍ക്ക് സ്വല്‍പമെങ്കിലും വിശ്വാസക്കുറവുള്ള വ്യക്തികള്‍ തരുന്ന ഒരു ഫയലും ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാനോ ഇന്‍സ്റ്റാള്‍ ചെയ്യാനോ ശ്രമിക്കരുത്.പ്രത്യേകിച്ചും .apk എന്നവസാനിക്കുന്ന ഫയലുകള്‍ വിശ്വസ്തര്‍ തരുന്നത് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.ഹാക്കര്‍മാര്‍ ഹാക്കിങ്ങ് ആപ്പുകള്‍ പലപ്പോഴും ഫേക്ക് പ്രൊഫൈലുകളിലൂടെ നിങ്ങളെ സ്വാധീനിച്ച്,പ്രലോഭിപ്പിച്ച് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കാന്‍ ശ്രമിക്കും.ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതോടെ ഫോണ്‍ പൂര്‍ണ്ണമായും അവരുടെ നിയന്ത്രണത്തിലാകുന്നു.
ഫോണില്‍ കാസ്പറസ്കി,അവാസ്റ്റ് എന്നിവ പോലുള്ള ഒരു ആന്റിവൈറസും മാല്‍വെയര്‍ ബൈറ്റ്സ് എന്ന മാല്‍വെയറിനെ പ്രതിരോധിക്കുന്ന ആപ്പും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാന്‍ ശ്രദ്ധിക്കുക.
എ പി കെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുംബോള്‍ നമ്മള്‍ സെക്യൂരിറ്റി എന്നതില്‍ അണ്‍ക്നോണ്‍ സോഴ്സസ് എന്നത് ടിക് മാര്‍ക്കിടുമല്ലോ.അതു ആവശ്യം കഴിഞ്ഞാല്‍ വീണ്ടും ടിക് മാര്‍ക്ക് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.ഇല്ലെങ്കില്‍ ആഡ്‌വെയറുകള്‍ നമ്മള്‍ അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നമ്മുടെ ഫോണിലുള്ള ചില ആപ്പുകള്‍ക്ക് നമ്മള്‍ നല്‍കിയിരിക്കുന്ന പെര്‍മിഷനുകളാല്‍ സാധിച്ചേക്കാം.
ഫോണ്‍ റൂട്ട് ചെയ്ത് ഉപയോഗിക്കാതിരിക്കുക.ഫോണ്‍ റൂട്ട് ചെയ്താല്‍ അതിന്റെ സുരക്ഷ അതോടെ ഇല്ലാതാകുന്നു.അങ്ങിനെയുള്ള ഫോണുകളില്‍ ബാങ്കിംഗ് , ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങ് സംബന്ധമായ കാര്യങ്ങള്‍ ഒരിക്കലും ചെയ്യാതിരിക്കുക.നമ്മുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ഒക്കെ വിവരങ്ങള്‍ ചോര്‍ന്നേക്കാം.
സിനിമാ തീയറ്ററിലും ചായ കുടിക്കാന്‍ പോകുന്നയിടത്തും ഒരു വൈഫൈ ഓപ്പണായി കിടക്കുന്നു എന്ന്‍ കണ്ട് അതിലെ നെറ്റ് മാക്സിമം ഉപയോഗിച്ചേക്കാമെന്ന്‍ കരുതരുത്.അതൊരുപക്ഷേ ഹാക്കര്‍മാരുടെ ചൂണ്ട ആയിരിക്കാം.നിങ്ങള്‍ അതില്‍ കണക്റ്റാകുന്ന സമയം നിങ്ങളുടെ ഫോണിലെ ഡാറ്റകള്‍ ചോര്‍ത്താന്‍ കഴിയുന്ന വിദ്യകളുണ്ട്.പബ്ലിക്ക് വൈ ഫൈ ഉപയോഗിച്ച് ഒരിക്കലും ലോഗിന്‍ ചെയ്യുന്ന ആപ്പുകള്‍,സൈറ്റുകള്‍ എന്നിവയില്‍ ലോഗിന്‍ വിവരങ്ങളോ, എ ടി എം കാര്‍ഡ് ,ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ എന്റര്‍ ചെയ്യരുത്.
ആവശ്യമില്ലാത്തപ്പൊള്‍ ബ്ലൂ ടൂത്ത് ഓഫാക്കിയിടുക.സിസ്റ്റം അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത് അപ്ഡേറ്റ് ചെയ്യുക.ഫേം വെയറുകള്‍ ഔദ്യോഗികമായ് കിട്ടുന്നതല്ലാതെ മൂന്നാമതൊരു പാര്‍ട്ടിയുടെ പക്കല്‍ ഉള്ളത് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.ഫേം വെയറുകളില്‍ നമ്മളറിയാതെ ഹാക്കര്‍മാര്‍ അവരുടെ പ്രോഗ്രാമ്മുകള്‍ എഴുതി ചേര്‍ത്തിരിക്കാന്‍ സാധ്യത ഉണ്ട്.
എസ് എം എസ് ആയി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഈമെയിലിനും ഫേസ്ബുക്കിനും എല്ലാം ഒരേ പാസ്സ്‌വേഡ് തന്നെ ഉപയോഗിക്കാതിരിക്കുക.ഒരിക്കലും നിങ്ങളുമായ് ബന്ധമുള്ള ഒരു കാര്യത്തിന്റെയും സൂചന പാസ്സ്‌വേഡില്‍ ഉണ്ടാവരുത്.പാസ്സ്‌വേഡ് @ പോലുള്ള സ്പെഷ്യല്‍ ക്യാരക്റ്ററുകളും നംബറുകളും ഉള്‍പ്പെടുത്തി പതിനഞ്ചോളം അക്ഷരങ്ങള്‍ എങ്കിലും ഉള്ള വലിയൊരു വാക്കായി ഉപയോഗിക്കുക.
പ്ലേ സ്റ്റോറില്‍ കാണുന്ന എല്ലാ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.അതിലെ റിവ്യൂ കൂടി വായിച്ച ശേഷം മാത്രമത് ഇന്‍സ്റ്റാള്‍ ചെയ്യുക.ക്രാക്ക് ചെയ്ത ആപ്പുകള്‍ ഒഴിവാക്കുക.ക്രാക്ക് എന്നാല്‍ ഹാക്ക് തന്നെ ആണു. ക്രാക്കിങ്ങ് ചെയ്ത് നല്‍കുന്നവര്‍ അതു വെറുതെ നല്‍കില്ല എന്നോര്‍ക്കുക.അവര്‍ക്കും ലാഭം എന്തെങ്കിലും കിട്ടും എന്ന്‍ പ്രതീക്ഷിച്ചായിരിക്കും അവര്‍ ക്രാക്ക് നല്‍കുക.
ആപ്പുകള്‍ക്ക് അപ്ഡേറ്റ് വന്നാല്‍ അത് ഉടന്‍ ചെയ്യുക.സെക്യൂരിറ്റി ഇഷ്യൂ ഉണ്ടാകുംബോള്‍ അതിലെ പഴുതുകള്‍ അടച്ചാണു ഡെവലപ്പര്‍മാര്‍ പുതിയ വേര്‍ഷന്‍ ഉണ്ടാക്കുന്നത്.അതിനാല്‍ നിര്‍ബന്ധമായും ആപ്പുകള്‍ അപ് ടു ഡേറ്റഡ് ആയിരിക്കാന്‍ ശ്രദ്ധിക്കുക.
സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സമയത്ത് വൈബ്രേഷനോട് കൂടി നിങ്ങളുടെ ഫോണില്‍ വൈറസ് ഉണ്ട് എന്നിങ്ങനെയുള്ള മെസ്സേജ് ബോക്സുകള്‍ പ്രത്യക്ഷപ്പെട്ടേക്കാം.അതുകണ്ട് പേടിച്ച് ആ പരസ്യത്തിലവര്‍ നിര്‍ദ്ദേശിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.അതായിരിക്കും ശരിക്കുമുള്ള വൈറസ്.
വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് സെറ്റിങ്ങ്സില്‍ വാട്ട്സാപ്പ് വെബ് എന്നത് സെലക്റ്റ് ചെയ്ത് ലോഗൌട്ട് ഫ്രം ആള്‍ കമ്പ്യൂട്ടേഴ്സ് എന്നത് സെലക്റ്റ് ചെയ്ത് മറ്റു ഡിവൈസുകളുമായുള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ മറക്കാതിരിക്കുക.ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ഫേസ്ബുക്കിന്റെ അക്കൌണ്ട് സെറ്റിങ്ങ്സില്‍ ആഡ് ചെയ്യപ്പെട്ടിരിക്കുന്നത് നിങ്ങളുടെ തന്നെ മെയില്‍ ഐഡി ആണെന്നും ഫോണ്‍ നംബര്‍ ആണെന്നും ഉറപ്പ് വരുത്തുക.
ബ്രൌസറുകള്‍ ഉപയോഗിച്ച് സൈറ്റുകള്‍ സന്ദര്‍ശിക്കുംബോള്‍ പാസ്സ്‌വേഡുകള്‍ റിമംബര്‍ ചെയ്തിടാതിരിക്കാന്‍ ശ്രമിക്കുക.
ആപ്പ് ലോക്കറുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.ആപ്പ് ലോക്കര്‍ ഉപയോഗിക്കുന്നവര്‍ സെറ്റിങ്ങ്സ് കൂടി ലോക്ക്ഡ് ആണു എന്ന്‍ ഉറപ്പു വരുത്തുക.അല്ലെങ്കില്‍ ആപ്പ് മാനേജറില്‍ ലോക്ക് ആപ്പിന്റെ കാഷേ ക്ലിയര്‍ ചെയ്താല്‍ ലോക്ക് തുറക്കപ്പെട്ടേക്കാം.
നിങ്ങളുടെ മോബൈലിലെ വൈ ഫൈ ഹോട്ട്സ്പോട്ട് പാസ്സ്‌വേഡ് ഇട്ട് തന്നെ ഉപയോഗിക്കുക
ഫോണില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് എന്ന്‍ ഉറപ്പ് വരുത്തുക.ഫോണ്‍ നഷ്ടപ്പെട്ടാല്‍ ചിലപ്പോള്‍ ഫോണ്‍ കണ്ടെത്താനും ഫോണിലെ ഡാറ്റകള്‍ ഇറേസ് ചെയ്യാനും അത് ഉപകരിക്കും.
പരിധിയില്‍ കവിഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗം ഉണ്ടെങ്കില്‍ ഫോണ്‍ ബാക്കപ്പെടുത്ത ശേഷം ഫാക്റ്റ്റി റീ സെറ്റ് ചെയ്യുക.സ്പൈ ആപ്പുകള്‍ നമ്മുടെ മോബൈലില്‍ ഉണ്ടെങ്കില്‍ അവ നമ്മുടെ ഡാറ്റ അവരുടെ സെര്‍വറിലേക്ക് സെന്റ് ചെയ്യുന്നതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടും.സ്പൈ ആപ്പുകള്‍ക്ക് നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ ശബ്ദം.നിങ്ങളുടെ കോള്‍ റെക്കോഡ്സ്,നിങ്ങളുടെ വീഡിയോ ചാറ്റുകള്‍ എന്ന്‍ വേണ്ട മോബൈലിലെ സകല ആക്റ്റിവിറ്റികളും ചോര്‍ത്തി എടുത്ത് അയക്കാനുള്ള കഴിവുണ്ട്.അത്തരം ആപ്പ് രതീഷ് ആര്‍ മേനോന്‍ എന്ന എന്റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ മുന്‍പ് പരിചയപ്പെടുത്തിയിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ
എക്സെന്റര്‍ പോലുള്ള ഫയല്‍ ഷെയറിങ്ങ് ആപ്പുകള്‍ പരസ്പരം കണക്റ്റ് ചെയ്ത് ഉപയോഗിക്കുംബോള്‍ റിസീവ് ആകുന്ന ഫയലുകള്‍ ഏതെല്ലാമെന്ന്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുക.എക്സെന്റര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്തോളൂ എന്ന്‍ പറഞ്ഞ് ഫോണ്‍ ഒരിക്കലും സുഹൃത്തിനു പോലും കൈമാറാതിരിക്കുക.
No comments:
Post a Comment