ഒ.ടി.പി. തട്ടിപ്പുവഴി പണം നഷ്ടപ്പെടുന്നതു തടയാന്‍
സൈബര്‍ സെല്ലുകളില്‍ സംവിധാനം
ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നവര്‍ ഉടന്‍ ജില്ലാതല പോലീസ് സൈബര്‍സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. പോലീസ്. ജില്ലാതല സൈബര്‍ സെല്ലുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്
ഈ അടുത്തകാലത്തായി ഓണ്‍ലൈന്‍വഴിയുള്ള പണമിടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം ഓണ്‍ലൈന്‍ വഴിയുള്ള പണം തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയും മറ്റു പല തരത്തിലും ചോര്‍ത്തിയെടുത്ത് അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന സംഭവങ്ങളും വര്‍ധിച്ചുവരുകയാണ്. ഓണ്‍ലൈനായും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയും പണം കൈമാറുമ്പോള്‍ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകള്‍/ധനകാര്യസ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യ നമ്പര്‍ (One Time Password - OTP) ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അയക്കാറുണ്ട്. ബാങ്കില്‍ നിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഉപഭോക്താവിനെ വിളിച്ച് ഈ ഒ.റ്റി.പി. നമ്പര്‍കൂടി മനസ്സിലാക്കുന്നതോടെ അക്കൗണ്ടില്‍ നിന്നും പണം ചോര്‍ത്തപ്പെടുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് നിരവധിപേര്‍ നമ്മുടെ നാട്ടിലും വിധേയരാവുന്നുണ്ട്. ഏതു സാഹചര്യത്തിലും ഇത്തരം നമ്പരുകളും പാസ്‌വേര്‍ഡുകളും ബാങ്കില്‍ നിന്നാണെന്നു പറഞ്ഞാല്‍പോലും പങ്കുവയ്ക്കാതിരിക്കുകയാണ് വേണ്ടത്.
ഇനി അഥവാ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടനടി പോലീസിനെ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് അതത് ജില്ല സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ് എം എസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്യരുത്. ഒ.റ്റി.പി. തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നവര്‍ എത്രയും വേഗം, കഴിയുന്നതും ആദ്യ രണ്ടു മണിക്കൂറില്‍ തന്നെ, ആ വിവരം പോലീസില്‍ അറിയിക്കേണ്ടതാണ്. പോലീസില്‍ വിവരം ലഭിച്ചാലുടന്‍ ആ വിവരം പോലീസ് ബാങ്ക്/മൊബൈല്‍ വാലറ്റുകളെ അറിയിക്കും. ബാങ്കിങ്/മൊബൈല്‍ വാലറ്റ് അധികൃതര്‍ ഉടനടി തന്നെ പണം കൈമാറ്റം ചെയ്യാതെ തടഞ്ഞു വയ്ക്കുകയും ചെയ്യും. ഒ.റ്റി.പി. തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി കണ്ടാല്‍ തിരിച്ചെടുക്കാനുള്ള ഈ സൗകര്യം പ്രയോജനപ്പെടുത്താം. എന്നാല്‍ ഒ.ടി.പി. നമ്പര്‍ പറഞ്ഞുകൊടുക്കാതിരിക്കുകയും പണം നഷ്ടപ്പെടാതെ നോക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.
ജില്ലാ സൈബര്‍സെല്ലുകളുടെ നമ്പര്‍ ചുവടെ:
തിരുവനന്തപുരം സിറ്റി 9497975998,
തിരുവനന്തപുരം റൂറല്‍ 9497936113,
കൊല്ലം സിറ്റി 94979 60777,
കൊല്ലം റൂറല്‍ 94979 80211,
പത്തനംതിട്ട 94979 76001,
ആലപ്പുഴ 94979 76000,
കോട്ടയം 9497976002,
ഇടുക്കി 94979 76003,
കൊച്ചി സിറ്റി 94979 76004,
എറണാകുളം റൂറല്‍ 94979 76005,
തൃശൂര്‍ സിറ്റി 94979 62836,
തൃശൂര്‍ റൂറല്‍ 94979 76006,
പാലക്കാട് 94979 76007,
മലപ്പുറം 94979 76008,
കോഴിക്കോട് സിറ്റി 94979 76009,
കോഴിക്കോട് റൂറല്‍ 94979 76010,
വയനാട് 94979 76011,
കണ്ണൂര്‍ 94979 76012,
കാസര്‍ഗോഡ് 94979 76013.(കടപ്പാട്:state Police Cheif..kerala)